വാഹനങ്ങളിൽ നിന്ന് ഗ്രിഡിലേക്ക് വൈദ്യുതി: യുകെയിൽ ഇവി നിർമ്മാതാക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ പദ്ധതി.
ലണ്ടൻ: ഇലക്ട്രിക് വാഹനങ്ങളിൽ (EV) അടിയന്തര ഘട്ടങ്ങളിൽ പവർ പ്ലാന്റുകളായി പ്രവർത്തിക്കാൻ സഹായിക്കുന്ന ‘വെഹിക്കിൾ ടു ഗ്രിഡ്’ (V2G) സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്ന കാർ നിർമ്മാതാക്കൾക്ക് സർക്കാർ പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകാൻ പദ്ധതിയിടുന്നു. സീറോ-എമിഷൻ വെഹിക്കിൾ (ZEV) നയത്തിന്റെ പുനരവലോകനത്തിന്റെ ഭാഗമായാണ് യുകെ സർക്കാർ ഈ നീക്കം പരിശോധിക്കുന്നത്.
കാറ്റും സൂര്യപ്രകാശവും കുറയുന്ന സമയങ്ങളിൽ പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം കുറയുമ്പോൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ലക്ഷക്കണക്കിന് ഇലക്ട്രിക് വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രിഡിന്റെ ഭാരം കുറയ്ക്കാനും ചിലവേറിയ ഗ്യാസ് പവർ പ്ലാന്റുകളുടെ ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കും. ഈ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാൽ 2030-ഓടെ നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർക്ക് (Neso) 1.2 ജിഗാവാട്ട് പവർ വരെ വിതരണം ചെയ്യാൻ ഇതിലൂടെ സാധിക്കും.
V2G സാങ്കേതികവിദ്യ വാഹത്തിൽ ഉൾപ്പെടുത്തിയാൽ മാത്രം നിർമ്മാതാക്കൾക്ക് ആനുകൂല്യം നൽകുന്നതിന് പകരം അത് ഉപഭോക്താക്കൾ യഥാർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് തിങ്ക് ടാങ്കായ ‘ന്യൂ ഓട്ടോമോട്ടീവിന്റെ’ ചീഫ് എക്സിക്യൂട്ടീവ് ബെൻ നെൽമസ് അഭിപ്രായപ്പെട്ടു. കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന ഈ സംവിധാനത്തിന് ആയിരക്കണക്കിന് പൗണ്ടിന്റെ ക്രെഡിറ്റ് നിർമ്മാതാക്കൾക്ക് നൽകുന്നത് ഇലക്ട്രിക് വാഹന വിപണിയെയും പരിസ്ഥിതി ലക്ഷ്യങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം.
നിലവിൽ യുകെയിൽ ദശലക്ഷക്കണക്കിന് ഇവി ഡ്രൈവർമാരുണ്ടെങ്കിലും വളരെ ചെറിയൊരു വിഭാഗം മാത്രമാണ് V2G അല്ലെങ്കിൽ എനർജി സ്റ്റോറേജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ചാർജിംഗ് ചെലവ്, വാഹനങ്ങളുടെ വില, ദൈനംദിന ഉപയോഗക്ഷമത എന്നിവയെക്കുറിച്ചാണ് ഉപഭോക്താക്കൾ ഇപ്പോഴും കൂടുതൽ ആലോചിക്കുന്നതെന്ന് ഇലക്ട്രിക് വെഹിക്കിൾ അസോസിയേഷൻ ഇംഗ്ലണ്ട് മേധാവി വിക്കി എഡ്മണ്ട്സ് വ്യക്തമാക്കി.