വംശീയതയും സ്ത്രീവിരുദ്ധതയും ബ്രിട്ടനിൽ സാധാരണ സംഭവമാകുന്നു: ഈക്വാലിറ്റീസ് മിനിസ്റ്റർ.
ലണ്ടൻ: ബ്രിട്ടനിൽ വംശീയതയും സ്ത്രീവിരുദ്ധതയും സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഈക്വാലിറ്റീസ് മിനിസ്റ്റർ ബ്രിഡ്ജറ്റ് ഫിലിപ്സൺ രംഗത്ത്. സോഷ്യൽ മീഡിയയിലെ മോശം പ്രവണതകളും ചില രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളുമാണ് ആളുകൾക്കിടയിൽ ഇത്തരം ചിന്താഗതികൾ വർധിക്കാൻ പ്രധാന കാരണമെന്ന് അവർ വ്യക്തമാക്കി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർഗീയ പരാമർശങ്ങളും മുൻപെങ്ങുമില്ലാത്ത വിധം വർധിച്ചിട്ടും ഇതിനെതിരെയെടുക്കുന്ന പൊലീസ് നടപടികൾ തികച്ചും അപര്യപ്തമാണെന്ന് ഫിലിപ്സൺ വിമർശിച്ചു. മുൻപ് അംഗീകരിക്കാൻ കഴിയാതിരുന്ന അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റങ്ങൾ സമൂഹത്തിൽ സാധാരണമായി മാറുന്നത് ആശങ്കാജനകമാണെന്നും, സോഷ്യൽ മീഡിയ വഴി ചെറുപ്പക്കാർ സ്ത്രീവിരുദ്ധ ചിന്തകളിലേക്ക് തള്ളപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
കൂടാതെ ചില കൺസർവേറ്റീവ്, റിഫോം പാർട്ടി എം.പിമാർ നടത്തിയ പരാമർശങ്ങൾ വംശീയത വളർത്തുന്നതാണെന്നും അവർ ആരോപിച്ചു. സോഷ്യൽ മീഡിയയിലെ ഇത്തരം മോശം പ്രവണതകളെ ചെറുക്കുന്നതിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.