ലണ്ടൻ സർക്കാറിന്റെ സബ്സിഡി വെട്ടിക്കുറയ്ക്കൽ തീരുമാനം: ‘ഹീറ്റ് പമ്പ്’ മേഖല പ്രതിസന്ധിയിൽ; ആശങ്കയിൽ സംരംഭകർ.
ലണ്ടൻ: പോക്കറ്റ് ചോരുന്ന കാര്യമാണെങ്കിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആരും മുന്നോട്ടുവരില്ലെന്ന മുന്നറിയിപ്പുമായി യുകെയിലെ ഗ്രീൻ എനർജി സംരംഭകർ. ആസന്നമായ ബജറ്റിൽ ഹീറ്റ് പമ്പുകൾക്കുള്ള സാമ്പത്തിക സബ്സിഡി വെട്ടിക്കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നതാണ് തിരിച്ചടിയാവുന്നത്. വീടുകളിൽ പരിസ്ഥിതി സൗഹൃദ താപനില ക്രമീകരണ സംവിധാനങ്ങൾ ഘടിപ്പിക്കുന്ന സംരംഭങ്ങളുടെ നിലനിൽപ്പിനെത്തന്നെ ഇത് സാരമായി ബാധിക്കും.
പരമ്പരാഗത ഫോസിൽ ഇന്ധന ബോയിലറുകൾക്ക് പകരം ഹീറ്റ് പമ്പുകളും ബയോമാസ് ബോയിലറുകളും സ്ഥാപിക്കുന്നതിന് 9,000 പൗണ്ട് (ഏകദേശം 10 ലക്ഷത്തോളം രൂപ) വരെ ഗ്രാന്റ് നൽകുന്ന ‘ബോയിലർ അപ്ഗ്രേഡ് സ്കീം’ 2022-ലാണ് യുകെ സർക്കാർ നടപ്പിലാക്കിയത്. എന്നാൽ വരാനിരിക്കുന്ന ബജറ്റിൽ തുക വെട്ടിക്കുറയ്ക്കാനോ പദ്ധതി നിർത്തലാക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലഭ്യമായ ആനുകൂല്യങ്ങൾ നിലയ്ക്കുന്നതോടെ സാധാരണക്കാരായ ഉപഭോക്താക്കൾ ചെലവേറിയ ഹീറ്റ് പമ്പുകൾ വാങ്ങുന്നതിൽ നിന്നും പിൻവലിയുമെന്ന് ഇൻസ്റ്റലേഷൻ രംഗത്തുള്ള പ്രമുഖ കമ്പനികൾ ഭയപ്പെടുന്നു. യുകെയിലെ ഏകദേശം 75 ശതമാനത്തോളം ഉപഭോക്താക്കളും സർക്കാർ സബ്സിഡിയെ ആശ്രയിച്ചാണ് ഈ സാങ്കേതികവിദ്യ വീട്ടിലേക്ക് തിരഞ്ഞെടുക്കുന്നത്.
ബ്രിട്ടനിലെ കാർബൺ പുറന്തള്ളലിന്റെ വലിയൊരു പങ്ക് കെട്ടിടങ്ങളിലെ ഹീറ്റിംഗ് സിസ്റ്റങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ഹീറ്റ് പമ്പുകളുടെ ഉപയോഗം വളരെ കുറവാണ്. നോർവേയിൽ 1,000 വീടുകളിൽ 632 ഹീറ്റ് പമ്പുകൾ ഉള്ളപ്പോൾ യുകെയിൽ ഇത് വെറും 3.5 മാത്രമാണ്.
സബ്സിഡി പിൻവലിക്കുന്നത് ഹീറ്റ് പമ്പ് നിർമ്മാതാക്കളെയും ടെക്നീഷ്യൻമാരെയും ഈ രംഗത്ത് പ പരിശീലനം നേടുന്ന തുടക്കക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും. പെട്ടെന്നുള്ള ഈ തുക വെട്ടിക്കുറയ്ക്കൽ ഹരിത ഊർജ്ജ മേഖലയുടെ ആകെ വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.