ലണ്ടൻ ഫാഷൻ വീക്കിൽ തിളങ്ങി വിക്ടോറിയ സ്റ്റാർമർ; പൊതുവേദിയിൽ അപൂർവ്വ സാന്നിധ്യം.
ലണ്ടൻ: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാർമർ ലണ്ടൻ ഫാഷൻ വീക്കിൽ പങ്കെടുത്തു. ഭർത്താവ് പ്രധാനമന്ത്രി പദവി ഒഴിഞ്ഞതിന് ശേഷമുള്ള അവരുടെ ആദ്യകാല പൊതുപരിപാടികളിലൊന്നാണിത്. പ്രശസ്ത കനേഡിയൻ-ബ്രിട്ടീഷ് ഡിസൈനറായ എഡെലിൻ ലീയടെ (Edeline Lee) പുതിയ വസ്ത്രശേഖരങ്ങളുടെ പ്രദർശന ചടങ്ങിലാണ് വിക്ടോറിയ അതിഥിയായെത്തിയത്.
നോർത്ത് ലണ്ടനിലെ ഒരു സ്കൂൾ സ്പോർട്സ് ഹാളിൽ നടന്ന വ്യത്യസ്തമായ ഈ ഫാഷൻ ഷോയിൽ ആകർഷകമായ നീല (Turquoise) ഡ്രസ്സിലാണ് ലേഡി സ്റ്റാർമർ എത്തിയത്. പരമ്പരാഗത അണിയറ തയ്യാറെടുപ്പുകൾക്ക് പകരം, കാണികളുടെ മുന്നിൽ വെച്ചുതന്നെ മോഡലുകൾക്ക് വസ്ത്രങ്ങളും മേക്കപ്പും ഒരുക്കുന്ന രീതിയിലാണ് ഡിസൈനർ ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രീക്ക് പുരാണ കഥാപാത്രമായ സിസിഫസിന്റെ (Sisyphus) പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ഈ സീസണിലെ ഫാഷൻ പ്രദർശനം.
ഭർത്താവ് കെയർ സ്റ്റാർമർ പ്രധാനമന്ത്രിയായിരുന്ന കാലയളവിലുടനീളം ലേഡി സ്റ്റാർമർ വലിയ പൊതുശ്രദ്ധയിൽ നിന്ന് മാറിനിൽക്കാറാണ് പതിവ്. എങ്കിലും അവരുടെ ആധുനിക ബ്രിട്ടീഷ് വസ്ത്രധാരണ ശൈലിയും ശോഭനമായ ഫാഷൻ അഭിരുചിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഡിസൈനർ ബ്രാൻഡുകളായ ME+EM, നീഡിൽ & ത്രെഡ്, എഡെലിൻ ലീ എന്നിവയുടെ വസ്ത്രങ്ങളാണ് അവർ കൂടുതലായും ഉപയോഗിക്കാറുള്ളത്.
നേരത്തെ സ്റ്റാർമർ ഭരണത്തിലിരിക്കെ, ലേഡി സ്റ്റാർമർ ധരിച്ച വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾ സമ്മാനമായി സ്വീകരിച്ചതാണെന്ന വിവാദം വലിയ രീതിയിൽ ചർച്ചയായിരുന്നു. ലേബർ പാർട്ടിയിലെ പ്രമുഖ ദാതാവായ ലോർഡ് അല്ലി, വിക്ടോറിയ സ്റ്റാർമർക്ക് പേഴ്സണൽ ഷോപ്പറെയും വസ്ത്രങ്ങളും വാങ്ങാൻ സാമ്പത്തിക സഹായം നൽകിയെന്ന ആരോപണം വലിയ രാഷ്ട്രീയ അന്വേഷണങ്ങൾക്ക് വഴിതെളിച്ചിരുന്നു.