Sathyian Nedumancherriyil

Subject : രാഷ്ടീയ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും നേരെ രഹസ്യ നിരീക്ഷണം; ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ വിവാദം!

രാഷ്ടീയ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും നേരെ രഹസ്യ നിരീക്ഷണം; ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ വിവാദം!

ലണ്ടൻ: ബ്രിട്ടനിലെ ‘റീഫോം യുകെ’ (Reform UK) പാർട്ടി ധനസഹായിയും വ്യവസായിയുമായ ആരോൺ ബാങ്ക്സ് (Arron Banks), കൺസർവേറ്റീവ് പാർട്ടി ചെയർമാൻ കെവിൻ ഹോളിൻറേക്കിനെയും (Kevin Hollinrake) മുതിർന്ന മാധ്യമപ്രവർത്തകരെയും നിരീക്ഷിക്കാൻ സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയെ ഏൽപ്പിച്ചതായി റിപ്പോർട്ട്. റീഫോം യുകെ നേതാവ് നൈജൽ ഫെറേജിന്റെ (Nigel Farage) സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് കെവിൻ ഹോളിൻറേക്കും മാധ്യമങ്ങളും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വകാര്യ ഏജൻസിയെ ഉപയോഗിച്ചുള്ള ഈ രഹസ്യ നീക്കം പുറത്തുവന്നത്.

തൊഴിൽപരമായും രാഷ്ട്രീയമായും ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തപ്പോഴാണ് ചോദ്യം ചോദിക്കുന്നവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് കെവിൻ ഹോളിൻറേക് സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിലായിരുന്നു ആരോൺ ബാങ്ക്സിന്റെ പ്രതികരണം. താൻ ആരുടെയും നിർദ്ദേശപ്രകാരമല്ല പ്രവർത്തിക്കുന്നതെന്നും സ്വന്തം നിലയ്ക്കാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. .

മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് നേരെയുള്ള വൻ ഭീഷണിയാണെന്ന് ന്യൂസ് മീഡിയ അസോസിയേഷൻ (NMA) പ്രതികരിച്ചു. മാധ്യമസ്വാതന്ത്ര്യത്തെയും സത്യസന്ധമായ വാർത്താ അന്വേഷണങ്ങളെയും തടയാനുള്ള ശ്രമങ്ങളെ സർക്കാർ കർശനമായി നേരിടണമെന്ന് സംഘടന ആവശ്യപ്പെട്ടു.

അതിനിടെ, അനധികൃത ബെറ്റിംഗ് വെബ്‌സൈറ്റുകളുമായും ക്രിപ്റ്റോ വ്യവസായികളുമായും റീഫോം യുകെ ഫണ്ട് ദാതാക്കൾക്കുള്ള ബന്ധത്തെക്കുറിച്ചും പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീഫോം യുകെയുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് നൈജൽ ഫെറേജ് പൊതുജനങ്ങളോട് വ്യക്തത വരുത്തണമെന്ന് ലേബർ പാർട്ടിയും ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും ജനപ്രതിനിധികൾക്കുമെതിരെയുള്ള രഹസ്യ നിരീക്ഷണം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.