യൂറോപ്യൻ യൂണിയനോട് ‘നോ’: ചരിത്രപരമായ ജനവിധിയിൽ ഇസ്ലാന്റ്, ആശ്വാസത്തോടെ പരമാധികാര വാദികൾ
ഇസ്ലാന്റ്: യൂറോപ്യൻ യൂണിയനിൽ (EU) അംഗമാകുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കേണ്ടതില്ലെന്ന് തീർത്തുപറഞ്ഞ് ഇസ്ലാന്റിലെ ജനങ്ങൾ. രാജ്യത്തെ വൻതോതിൽ ഭിന്നിപ്പിച്ച ജനഹിതപരിശോധനയിൽ (Referendum) 52.8 ശതമാനം വോട്ടുകൾ നേട്ടമാക്കിയാണ് ‘നോ’ ക്യാമ്പ് വിജയം ഉറപ്പിച്ചത്. ചർച്ചകളെ അനുകൂലിച്ച ‘യെസ്’ ക്യാമ്പിന് 47.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 82.5 ശതമാനം ആളുകളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
അയൽരാജ്യമായ ഗ്രീൻലാന്റിനെ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പുതിയ ഭീഷണികളും ആഗോള സാമ്പത്തിക-സുരക്ഷാ അനിശ്ചിതത്വങ്ങളും മുൻനിർത്തിയാണ് യൂറോപ്യൻ യൂണിയനിൽ ചേരുന്ന കാര്യത്തിൽ പ്രധാനമന്ത്രി ക്രിസ്ട്രൂൺ ഫ്രോസ്റ്റാഡോട്ടിറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനഹിതം തേടിയത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിനും മത്സ്യബന്ധന മേഖലയ്ക്കും യൂറോപ്യൻ യൂണിയൻ അംഗത്വം ഭീഷണിയാകുമെന്ന വാദത്തിനാണ് ഗ്രാമീണ മേഖലകളിൽ നിന്നും മറ്റും കൂടുതൽ പിന്തുണ ലഭിച്ചത്.
തലസ്ഥാനമായ റെയ്ക്യവിക്കിൽ മാത്രമാണ് യൂണിയനിൽ ചേരുന്നതിനെ ഭൂരിപക്ഷം ആളുകളും അനുകൂലിച്ചത്. ജനവിധി പൂർണ്ണമായി മാനിക്കുന്നുവെന്നും ഈ സർക്കാരിന്റെ കാലാവധിയിൽ ഇനി യൂറോപ്യൻ യൂണിയൻ വിഷയം മുന്നോട്ടുകൊണ്ടുപോകില്ലെന്നും പ്രധാനമന്ത്രി ക്രിസ്ട്രൂൺ ഫ്രോസ്റ്റാഡോട്ടിർ വ്യക്തമാക്കി. ഇതോടെ ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന യൂറോപ്യൻ യൂണിയൻ പ്രവേശന ചർച്ചകൾക്ക് താൽക്കാലികമായി തിരശ്ശീല വീണു.