യുകെയിൽ സമ്പന്ന പ്രദേശങ്ങളിൽ എഡിഎച്ച്ഡി, ഓട്ടിസം ബെനിഫിറ്റ് ക്ലെയിമുകൾ കുത്തനെ ഉയരുന്നതായി പഠനം.
ലണ്ടൻ: കൊവിഡിന് ശേഷം യുകെയിലെ സമ്പന്ന പ്രദേശങ്ങളിൽ എഡിഎച്ച്ഡി (ADHD), ഓട്ടിസം എന്നീ അവസ്ഥകൾക്കായി ഡിസെബിലിറ്റി ബെനിഫിറ്റുകൾ (Pip) ക്ലെയിം ചെയ്യുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പാവപ്പെട്ട പ്രദേശങ്ങളിൽ പരമ്പരാഗതമായി ഇത്തരം ക്ലെയിമുകൾ കൂടുതലാണെങ്കിലും, വോക്കിംഗ്ഹാം, വാർവിക്ക്, സർറെ തുടങ്ങിയ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലാണ് ഈ വിഭാഗത്തിൽ ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
സമ്പന്ന കുടുംബങ്ങൾക്ക് ഉയർന്ന തുക നൽകി സ്വകാര്യ ക്ലിനിക്കുകൾ വഴി വേഗത്തിൽ രോഗനിർണ്ണയം നടത്താൻ സാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എൻഎച്ച്എസിലെ (NHS) നീണ്ട കാത്തിരിപ്പ് ഒഴിവാക്കി വേഗത്തിൽ ഔദ്യോഗിക സർട്ടിഫിക്കറ്റ് നേടാനും, സങ്കീർണ്ണമായ ബെനിഫിറ്റ് അപേക്ഷാ പ്രക്രിയ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാമ്പത്തികമായി മുന്നിലുള്ളവർക്ക് കഴിയുന്നുണ്ട്. സർറെ ഹീത്ത് പോലുള്ള പ്രദേശങ്ങളിൽ എഡിഎച്ച്ഡി, ഓട്ടിസം ക്ലെയിമുകളിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
യൂറോപ്യൻ ഇതര വിഭാഗങ്ങളെയോ മറ്റ് വംശീയ വിഭാഗങ്ങളെയോ അപേക്ഷിച്ച് വെള്ളക്കാരിലാണ് ഇത്തരം ബെനിഫിറ്റ് ക്ലെയിമുകൾ പൊതുവെ കൂടുതൽ കണ്ടുവരുന്നത്. അതേസമയം, യുവാക്കൾക്കിടയിൽ ഇത്തരം ബെനിഫിറ്റുകൾ വാങ്ങുന്നവരുടെ എണ്ണം പെരുകുന്നത് രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. ജോലി ചെയ്യാനുള്ള ശേഷിയെയും മാനസികാരോഗ്യ ലക്ഷ്ണങ്ങളെയും കുറിച്ച് തെറ്റായ പ്രവണതകൾ വളരുന്നുണ്ടെന്ന തരത്തിലുള്ള വിമർശനങ്ങളും സജീവമാണ്.
എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകൾക്ക് ഔദ്യോഗിക രോഗനിർണ്ണയം നേടിയാൽ മാത്രമേ നിലവിൽ പിന്തുണ ലഭിക്കുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ രോഗലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് അടിയന്തര സഹായം ആവശ്യമുള്ളവർക്ക് മുൻഗണന നൽകുന്ന തരത്തിലുള്ള പുതിയ ‘നീഡ്സ്-ബേസ്ഡ്’ സിസ്റ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.