യുകെയിൽ കൗമാരക്കാരനിൽ ആദ്യമായി വൃഷണ കലകളുടെ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം; വന്ധ്യതയെ പ്രതിരോധിക്കാൻ പുതിയ വഴി!
എഡിൻബർഗ്: കീമോതെറാപ്പിയെ തുടർന്ന് വന്ധ്യത ബാധിക്കുന്ന ആൺകുട്ടികൾക്ക് വലിയൊരു പ്രതീക്ഷ നൽകിക്കൊണ്ട് യുകെയിൽ ആദ്യമായി വൃഷണ കലകളുടെ മാറ്റിവെക്കൽ (testicular tissue transplant) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. എഡിൻബർഗിലെ എൻഎച്ച്എസ് (NHS) ഡോക്ടർമാരുടെ സംഘമാണ് മൂന്ന് വർഷം മുമ്പ് മരവിപ്പിച്ച് സൂക്ഷിച്ചിരുന്ന വൃഷണ കലകൾ 19 വയസ്സുകാരനായ യുവാവിന്റെ ശരീരത്തിലേക്ക് തിരികെ വെച്ചത്. ഗുരുതരമായ രക്ത സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്നതിന് തൊട്ടുമുമ്പാണ് ഇയാളുടെ കലകൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നത്.
കീമോതെറാപ്പി ചികിത്സ കുട്ടികളിൽ ബീജോത്പാദനത്തെ സ്ഥിരമായി തകരാറിലാക്കാൻ സാധ്യതയുണ്ട്. ചികിത്സ കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം നടത്തിയ പരിശോധനകളിൽ ഇയാളുടെ ശരീരത്തിൽ ബീജമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ഈ നൂതന ശസ്ത്രക്രിയയിലൂടെ ഭാവിയിൽ സ്വാഭാവികമായി കുട്ടികളുണ്ടാകാനുള്ള സാധ്യതയാണ് തുറക്കപ്പെട്ടിരിക്കുന്നത്. യുകെയിൽ ഇത്തരത്തിലുള്ള ആദ്യത്തെയും ലോകമെമ്പാടുമുള്ള രണ്ടാമത്തെയും സംഭവമാണിത്. എഡിൻബർഗ് സർവകലാശാലയുടെ ദശാബ്ദക്കാലത്തെ ഗവേഷണ ഫലമാണ് ഈ വിജയത്തിന് പിന്നിൽ.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളിൽ ബീജം ഫ്രീസ് ചെയ്തുവെക്കുക എളുപ്പമല്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികളിൽ നിന്നും ശേഖരിക്കുന്ന വൃഷണ കലകളിലെ സ്റ്റെം സെല്ലുകൾ സൂക്ഷിച്ചുവെച്ച് പിന്നീട് ചികിത്സയ്ക്ക് ശേഷം തിരികെ വെക്കുന്ന ഈ രീതി വലിയൊരു വഴിമാറ്റമാണ്. ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന കുട്ടികളുടെ ഭവിഷ്യത്ത് സുരക്ഷിതമാക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ഈ ശസ്ത്രക്രിയ വിജയിച്ചാൽ തനിക്ക് സ്വന്തമായി കുട്ടികളുണ്ടാകുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ചികിത്സയ്ക്ക് വിധേയനായ യുവാവ് പ്രതികരിച്ചു. ഭാവിയിൽ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടനവധി കുട്ടികൾക്ക് ഈ കണ്ടെത്തൽ പുതിയൊരു ജീവിതം നൽകുമെന്നാണ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ക്യാൻസർ രോഗബാധിതരായ ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നേടത്തിന് ഏറെ പ്രധാന്യമുണ്ട്.