Sathyian Nedumancherriyil

Subject : യുകെയിലെ ചെറുകിട സ്ഥാപനങ്ങൾ വഴി മനുഷ്യക്കടത്ത്; പണം കൈമാറുന്നത് ‘ബോട്ടിൽ കടക്കുന്നവർ’ക്കായി.

യുകെയിലെ ചെറുകിട സ്ഥാപനങ്ങൾ വഴി മനുഷ്യക്കടത്ത്; പണം കൈമാറുന്നത് ‘ബോട്ടിൽ കടക്കുന്നവർ’ക്കായി.

ലണ്ടൻ : ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് ആളുകളെ കടത്തുന്ന സംഘങ്ങൾ, പണമിടപാടുകൾക്കായി ബ്രിട്ടനിലെ ചെറുകിട സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതായി ബിബിസി (BBC) റിപ്പോർട്ട്. ലണ്ടനിലെ ഫോൺ ഷോപ്പുകൾ, കാർ വാഷുകൾ, ഹോൾസെയിൽ കടകൾ എന്നിവയുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. യുകെയിലെ കമ്പനികൾ ഇത്തരം ഇടപാടുകൾക്ക് പരസ്യമായി ഇടനിലക്കാരാകുന്നത് ആദ്യമായാണ് കണ്ടെത്തുന്നത്.

ലണ്ടനിലെ ഒരു മൊബൈൽ കടയിൽ ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിൽ, ഫ്രാൻസിലുള്ള മനുഷ്യക്കടത്തുകാരന്റെ നിർദ്ദേശപ്രകാരം ഒരാൾക്ക് 3,000 പൗണ്ട് വീതം സൂക്ഷിക്കാൻ ജീവനക്കാരൻ സമ്മതിച്ചു. ന്യൂകാസിലിലെ ഹോൾസെയിൽ കട, കേംബ്രിഡ്ജ്ഷെയറിലെ കാർ വാഷ് എന്നിവയുടെ അക്കൗണ്ടുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. പാരീസ്, ബെൽജിയം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും ഈ ശൃംഖലയിലുണ്ട്.

2020 മുതൽ പിടിയിലായ കടത്തുകാരിൽ നിന്ന് വെറും 10% പണം (16 മില്യൺ പൗണ്ടിൽ 1.6 മില്യൺ മാത്രം) മാത്രമാണ് അധികൃതർക്ക് തിരിച്ചുപിടിക്കാനായത്. കടത്തുസംഘങ്ങൾ പണമിടപാട് രീതികൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും, ഈ അനധികൃത ശൃംഖലകളെ തകർക്കാൻ അന്വേഷണം ഊർജ്ജിതമാക്കുമെന്നും യുകെ മൈഗ്രേഷൻ മന്ത്രി മൈക്ക് ടാപ്പ് വ്യക്തമാക്കി.