Sathyian Nedumancherriyil

Subject : മാനസികവളർച്ചയില്ലാത്ത യുവാവിനോട് അതിക്രൂരത; കൊലപ്പെടുത്തിയ ദമ്പതികൾക്ക് ജീവപര്യന്തം തടവുശിക്ഷ.

മാനസികവളർച്ചയില്ലാത്ത യുവാവിനോട് അതിക്രൂരത; കൊലപ്പെടുത്തിയ ദമ്പതികൾക്ക് ജീവപര്യന്തം തടവുശിക്ഷ.

ലണ്ടൻ:  മാനസികവളർച്ചയില്ലാത്ത 28-കാരനോട് അതിക്രൂരമായ പീഡനം നടത്തി കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. യുകെയിലെ ടാംവർത്തിൽ താമസിച്ചിരുന്ന കെന്നത്ത് ന്യൂട്ടൺ (58), പങ്കാളി മെലാനി ജെയിംസ് (64) എന്നിവർക്കാണ് സ്റ്റാഫോർഡ് ക്രൗൺ കോടതി കുറഞ്ഞത് 21 വർഷത്തെ തടവുശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട റൂബിൻ ബ്ലൗണ്ട് (28) മരണസമയത്ത് വെറും 40 കിലോഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്.

റൂബിന്റെ സഹോദരനായ കെന്നത്തും പങ്കാളിയും ചേർന്ന് മാസങ്ങളോളം ക്രൂരമായ പീഡനങ്ങളാണ് ഇയാൾക്ക് നേരെ അഴിച്ചുവിട്ടത്. റൂബിനെ മണിക്കൂറുകളോളം എഴുന്നേൽപ്പിച്ചു നിർത്തുകയും, സ്വന്തം മൂത്രത്തിൽ കിടത്തുകയും, ചവറ്റുകുട്ടയിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. കൂടാതെ, റൂബിനെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ ഫോണിൽ പകർത്തിയിരുന്നു.

ഗുരുതരമായി നിർജലീകരണവും പോഷകാഹാരക്കുറവും നേരിട്ട റൂബിനെ 2022 നവംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ഇയാൾ മരണപ്പെടുകയായിരുന്നു. പരിശോധനയിൽ റൂബിന്റെ വാരിയെല്ലുകളിൽ 50 ഓളം ഒടിവുകളും, നട്ടെല്ലിന് ക്ഷതവും, ശരീരത്തിലുടനീളം പൊള്ളലേറ്റ മുറിവുകളും ഉള്ളതായി കണ്ടെത്തി. അവസ്ഥ അതീവ ഗുരുതരമാകുന്നത് വരെ പ്രതികൾ ഇയാൾക്ക് വൈദ്യസഹായം നിഷേധിക്കുകയായിരുന്നു.

സുരക്ഷിതമായി നോക്കിക്കൊള്ളാമെന്ന വാക്ക് വിശ്വസിച്ചാണ് മകനെ ഇവരെ ഏൽപ്പിച്ചതെന്ന് റൂബിന്റെ മാതാവ് കോടതിയിൽ പറഞ്ഞു. പ്രതികൾ ചെയ്തത് കടുത്ത വിശ്വാസവഞ്ചനയാണെന്നും സഹായത്തിനായി യാചിക്കാൻ പോലും കഴിയാതിരുന്ന ഒരു വ്യക്തിക്ക് നേരെയാണ് ഈ ക്രൂരത നടന്നതെന്നും ജഡ്ജി നിരീക്ഷിച്ചു. ദമ്പതികളുടെ ക്രൂരതയും അഹങ്കാരവും ഞെട്ടിക്കുന്നതാണെന്ന് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.