മലയാളി നഴ്സിംഗിന് ലോകവേദിയിൽ വീണ്ടും ഒരു പൊൻതൂവൽ! ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആദരം ഏറ്റുവാങ്ങി കൊല്ലം സ്വദേശിനി ഷൈനി സ്കറിയ
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആദരം; രാജകീയ വിരുന്നിൽ തിളങ്ങി മലയാളി നഴ്സ് ഷൈനി സ്കറിയ.
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ സവിശേഷമായ വിരുന്നിൽ അതിഥിയായി പങ്കെടുത്ത് മലയാളി നഴ്സ് ഷൈനി സ്കറിയ. 2025-ലെ വെയിൽസ് കെയർ അവാർഡിൽ (Wales Care Awards) ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയതിനെത്തുടർന്നാണ് ഷൈനിയെ തേടി ഈ അപൂർവ അംഗീകാരം എത്തിയത്. വിരുന്നിൽ പങ്കെടുത്ത ഷൈനിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
രാജാവുമായി സൗഹൃദസംഭാഷണം
കിങ് ചാൾസ്, രാജ്ഞി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്ഷണം ലഭിച്ച ഏക മലയാളിയാണ് ഷൈനി. വിരുന്നിനിടെ കിങ് ചാൾസുമായി നേരിട്ട് സംസാരിക്കാനും ഷൈനിക്ക് അവസരം ലഭിച്ചു. 2013-ൽ കേരളം സന്ദർശിച്ചതും തന്റെ 65-ാം ജന്മദിനം കുമരകത്ത് ആഘോഷിച്ചതും രാജാവ് ഷൈനിയോട് സ്നേഹപൂർവ്വം അനുസ്മരിച്ചു.
അംഗീകാരം തേടിയെത്തിയത് സമർപ്പിത സേവനത്തിന്
കൊല്ലം സ്വദേശിയായ ഷൈനി നിലവിൽ വെയിൽസിലെ ‘കാറോൺ ഗ്രൂപ്പിൽ’ (Caron Group) സീനിയർ നഴ്സായി സേവനമനുഷ്ഠിക്കുകയാണ്. സാമൂഹിക പരിരക്ഷാ മേഖലയിൽ ഷൈനി നൽകി വരുന്ന മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ‘നഴ്സ് ഓഫ് ദ ഇയർ’ പുരസ്കാരം നൽകി വെയിൽസ് ഭരണകൂടം ആദരിച്ചത്.
യാത്ര സൗദിയിൽ നിന്ന് വെയിൽസിലേക്ക്
നേരത്തെ സൗദി അറേബ്യയിലെ റിയാദിൽ പീഡിയാട്രിക് ഐ.സി.യു വിഭാഗത്തിൽ സേവനമനുഷ്ഠിച്ച ഷൈനി, 2020-ലാണ് വെയിൽസിലേക്ക് മാറിയത്. ജേക്കബ് തരകൻ ആണ് ഭർത്താവ്. മന്ന, ഹന്ന എന്നിവർ മക്കളാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വിദേശ മണ്ണിൽ നഴ്സിംഗ് മേഖലയിൽ ഷൈനി കൈവരിച്ച ഈ നേട്ടം ആഗോളതലത്തിൽ മലയാളി നേഴ്സുമാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.