Sathyian Nedumancherriyil

Subject : മണ്ണൊലിപ്പ് ഭീതിയിൽ ഒരു ഗ്രാമം; 100-ഓളം വീടുകൾ ഒഴിപ്പിച്ചു, ക്ലാക്ക്മാനൻഷെയറിൽ സംഭവിച്ചത് എന്ത്?”

മണ്ണൊലിപ്പ് ഭീതിയിൽ ഒരു ഗ്രാമം; 100-ഓളം വീടുകൾ ഒഴിപ്പിച്ചു, ക്ലാക്ക്മാനൻഷെയറിൽ സംഭവിച്ചത് എന്ത്?”

സ്കോട്ട്‌ലൻഡ് : ക്ലാക്ക്മാനൻഷെയറിലെ (Clackmannanshire) ഒരു മുൻ ഖനന ഗ്രാമത്തിൽ ഭൂമി ഒലിച്ചുപോകുന്നതായുള്ള (ground movement) റിപ്പോർട്ടുകളെ തുടർന്ന് നൂറോളം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കോൾസ്നോട്ടൺ (Coalsnaughton) എന്ന പ്രദേശത്ത് മെയ് 18-നാണ് ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയത്, സംഭവത്തിൽ നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി വെള്ളിയാഴ്ച നെഹ്തൻ ഡ്രൈവിലെ (Nechtan Drive) 28 പ്രോപ്പർട്ടികളും ലാംഗോറിലെ (Langour) ഒമ്പത് പ്രോപ്പർട്ടികളും കൂടി ഒഴിപ്പിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇതോടെ മെയ് 18-ന് ശേഷം ഒഴിപ്പിക്കപ്പെട്ട ആകെ വീടുകളുടെ എണ്ണം 97 ആയി.

ഓട്ടിസം ബാധിതരായ 11 വയസ്സുള്ള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളുള്ള ആരോൺ ആൻഡേഴ്സൺ എന്ന പ്രദേശവാസി, തന്റെ കുടുംബത്തെ ഗ്രേഞ്ച്മൗത്തിലുള്ള (Grangemouth) ഒരു എയർബിഎൻബിയിലേക്ക് (Airbnb) മാറ്റിയതായി ബിബിസി സ്കോട്ട്‌ലൻഡ് ന്യൂസിനോട് പറഞ്ഞു. കുട്ടികൾക്ക് സുരക്ഷിതമായ ഒരു താൽക്കാലിക വീട് വേഗത്തിൽ ഒരുക്കി നൽകിയതിന് തന്റെ വീടിന്റെ ഉടമസ്ഥരായ കിംഗ്ഡം ഹൗസിംഗിനോട് (Kingdom Housing) അദ്ദേഹം നന്ദി അറിയിച്ചു. എന്നാൽ കുടുംബം വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലാക്ക്മാനൻഷെയർ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് നിക്കി ബ്രൈഡിൽ വ്യക്തമാക്കിയത് അനുസരിച്ച്, കൗൺസിൽ ഉദ്യോഗസ്ഥരുടെയും മറ്റ് അനുബന്ധ ഏജൻസികളുടെയും നേതൃത്വത്തിൽ വളരെ ആസൂത്രിതമായാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ബാധിക്കപ്പെട്ട ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആശങ്കാകുലരായ പ്രദേശവാസികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ കൗൺസിൽ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും അവർ അറിയിച്ചു.

ബുധനാഴ്ച ഡൺമോസ് വ്യൂവിൽ (Dunmoss View) നിന്ന് ഒഴിപ്പിക്കപ്പെടുകയും, പിന്നീട് വ്യാഴാഴ്ച വ്യക്തിപരമായ സാധനങ്ങൾ എടുക്കാൻ മാത്രം തിരികെ പ്രവേശിക്കാൻ അനുവാദം ലഭിക്കുകയും ചെയ്ത മാർഗോ ബ്രൗൺ എന്ന സ്ത്രീ തന്റെ അനുഭവം പങ്കുവെച്ചു. എന്ത് സംഭവിക്കുമെന്ന് അറിയാതെ ദിവസം മുഴുവൻ കാത്തിരിക്കേണ്ടി വന്നതായും, ആദ്യം ഒഴിപ്പിച്ചു പോകേണ്ടതില്ല എന്ന് കൗൺസിലിൽ നിന്ന് ഇമെയിൽ സന്ദേശം ലഭിച്ചെങ്കിലും, വെറും 20 മിനിറ്റിനകം ‘എല്ലാവരും ഉടനടി ഒഴിഞ്ഞു പോകണം’ എന്ന് നിർദ്ദേശം ലഭിച്ചതായും അവർ പറഞ്ഞു. വെറും പത്ത് മിനിറ്റിൽ തങ്ങൾക്ക് വീടുവിട്ടിറങ്ങേണ്ടി വന്നതായും അവർ ബിബിസിയോട് വ്യക്തമാക്കി.