മക്കൾക്കൊപ്പം ഇരിക്കാൻ ഇനി അധിക തുക വേണമെന്നില്ല: വിമാനക്കമ്പനികൾക്ക് നിയന്ത്രണവുമായി യുകെ സർക്കാർ.
ലണ്ടൻ : വിമാനയാത്രകളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അടുത്തിരിക്കാൻ ഇനിമുതൽ വിമാനക്കമ്പനികൾ അധിക തുക ഈടാക്കരുതെന്ന് യുകെ സർക്കാർ. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൂടെയുള്ള മുതിർന്നയാൾക്കടുത്ത് സൗജന്യമായി സീറ്റ് ഉറപ്പാക്കുന്ന പുതിയ നിയമം നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനുപുറമെ ടിക്കറ്റുകളിൽ അബദ്ധത്തിൽ സംഭവിക്കുന്ന പേരുകളിലെ തെറ്റുകൾ തിരുത്തുന്നതിനും ഇനി വൻ തുക ഫീസായി നൽകേണ്ടിവരില്ല. അടുത്ത വർഷത്തെ വേനൽക്കാല അവധിക്കാലത്തിന് മുൻപ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്.
കുടുംബങ്ങളുടെ അവധിക്കാല യാത്രകളിൽ തുക അധികരിക്കുന്ന രീതിയിലുള്ള വിമാനക്കമ്പനികളുടെ ഇത്തരം ചെറുകിട പിടിച്ചുപറിയെ തടയുമെന്നും, ഇത്തരം തുക ഈടാക്കലുകൾ അനീതിയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം വ്യക്തമാക്കി. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒന്നിച്ചിരിക്കാൻ ഒരു മടക്കയാത്രയിൽ 104 പൗണ്ട് വരെ അധികമായി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് ഗതാഗത മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ചെറിയ കുട്ടികളെപ്പോലും മാതാപിതാക്കളിൽ നിന്ന് വേർതിരിച്ചിരുത്തി പണം ഈടാക്കുന്ന രീതി വിമാനക്കമ്പനികളുടെ ലാഭക്കൊതിയാണെന്ന് ഉപഭോക്തൃ സംരക്ഷണ സംഘടനകളും വിമർശിച്ചു.
ജനപ്രതിനിധി സഭയിൽ പരിഗണനയിലുള്ള സിവിൽ ഏവിയേഷൻ ബില്ലിലൂടെയാണ് വിമാനക്കമ്പനികളുടെയും എയർപോർട്ടുകളുടെയും നിയന്ത്രണങ്ങൾക്ക് മന്ത്രിമാർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കുന്നത്. മുൻപ് രണ്ടു മുതൽ 11 വയസ്സുവരെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾ സീറ്റ് റിസർവ് ചെയ്യാൻ പണം നൽകണമെന്ന് റയാൻഎയർ പോലുള്ള കമ്പനികൾ നിർബന്ധമാക്കിയിരുന്നു. എന്നാൽ കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റിയുടെ അന്വേഷണത്തെ തുടർന്ന് കമ്പനികൾ തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതരായിട്ടുണ്ട്.
ഇതോടൊപ്പം വിമാനയാത്രകളിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ തീരുമാനിച്ചിട്ടുണ്ട്. 2025-ൽ വിമാനങ്ങളിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ആയിരത്തിലധികം ഗുരുതരമായ വികൃതികളും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി കുഴപ്പങ്ങൾ ഉണ്ടാക്കുന്ന യാത്രക്കാരുടെ വിവരങ്ങൾ വിമാനക്കമ്പനികൾ തമ്മിൽ പങ്കുവെക്കുകയും അങ്ങനെയുള്ളവരെ വിമാനയാത്രകളിൽ നിന്ന് വിലക്കുകയും ചെയ്യുന്ന പുതിയ സംവിധാനവും ഉടൻ പ്രാബല്യത്തിൽ വരും.