Sathyian Nedumancherriyil

Subject : ഭൂവുടമസ്ഥതാ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ അനിശ്ചിതത്വം; യുകെ സർക്കാരിനെതിരെ പരിസ്ഥിതി പ്രവർത്തകർ!

ഭൂവുടമസ്ഥതാ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ അനിശ്ചിതത്വം; യുകെ സർക്കാരിനെതിരെ പരിസ്ഥിതി പ്രവർത്തകർ!

ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും വലിയ ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശ വിവരങ്ങൾ പൊതുജനങ്ങൾക്ക് സൌജന്യമായി ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ സമയപരിധി വ്യക്തമാക്കാൻ വിസമ്മതിച്ച് ബ്രിട്ടീഷ് സർക്കാർ. ലാൻഡ് രജിസ്ട്രിയിലെ ഡാറ്റാ സൌജന്യമായി നൽകുമെന്ന മുൻ പരിസ്ഥിതി സെക്രട്ടറിയുടെ പ്രഖ്യാപനത്തിൽ വ്യക്തത വരുത്താനാണ് സർക്കാർ പരാജയപ്പെട്ടത്. നദീതടങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങി പരിസ്ഥിതി പ്രാധാന്യമുള്ള വൻകിട ഭൂമികളുടെ യഥാർത്ഥ ഉടമകളെ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

നിലവിൽ ലാൻഡ് രജിസ്ട്രിയിലെ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ പണം നൽകേണ്ടതുണ്ട്. സാധാരണ വീടുകളുടെ ഡാറ്റ ഒഴികെ, വലിയ പ്രോപ്പർട്ടികളുടെ ഭൂവുടമസ്ഥതാ വിവരങ്ങൾ പൊതുജനങ്ങൾക്ക് സൌജന്യമായി ലഭ്യമാക്കാൻ ലാൻഡ് രജിസ്ട്രിയുമായി ചേര്ന്ന് പ്രവർത്തിക്കുമെന്ന് ഹൗസിംഗ് വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ നടപടികൾ പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നാണ് ലാൻഡ് രജിസ്ട്രി വക്താവ് അറിയിച്ചത്. കൂടുതൽ പൊതുജന കൂടിയാലോചനകൾക്ക് ശേഷമേ പദ്ധതി എന്ന് നടപ്പിലാക്കുമെന്ന് തീരുമാനിക്കാനാവൂ.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭൂവുടമസ്ഥത സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ‘ഹൂ ഓൺസ് ഇംഗ്ലണ്ട്’ ഗ്രന്ഥകർത്താവും പരിസ്ഥിതി പ്രവർത്തകനുമായ ഗൈ ഷ്രബ്സോൾ കുറ്റപ്പെടുത്തി. നദികൾ മലിനമാക്കുന്നവരെ കണ്ടെത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് ഭവന പദ്ധതികൾ ആസൂത്രണം ചെയ്യാനും ഭൂമി വിവരങ്ങളുടെ സുതാര്യത അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാമിന്റെ പ്രാദേശിക വികസന നയങ്ങൾക്ക് ഈ സുതാര്യത അനിവാര്യമാണെന്നും ആരോപണമുണ്ട്.

വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ഭൂവുടമസ്ഥതാ വിവരങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതി മന്ത്രാലയം (Defra) പ്രതികരിച്ചു. ലാൻഡ് യൂസ് ഫ്രെയിംവർക്കിൽ നൽകിയ ഉറപ്പുകൾ പാലിക്കുമെന്നും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. എങ്കിലും ഭൂവുടമകളുടെ ഡാറ്റ പരസ്യപ്പെടുത്തുന്ന കാര്യത്തിൽ കൃത്യമായ തീയതി പറയാത്തത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.