Sathyian Nedumancherriyil

Subject : ബ്ലാഡർ കാൻസർ നിർണ്ണയത്തിൽ വിപ്ലവകരമായ മാറ്റം; ലളിതമായ മൂത്രപരിശോധനയുമായി ബ്രിട്ടീഷ് എൻ.എച്ച്.എസ്.

ബ്ലാഡർ കാൻസർ നിർണ്ണയത്തിൽ വിപ്ലവകരമായ മാറ്റം; ലളിതമായ മൂത്രപരിശോധനയുമായി ബ്രിട്ടീഷ് എൻ.എച്ച്.എസ്.

ലണ്ടൻ’ : ബ്ലാഡർ കാൻസർ (മൂത്രാശയ അർബുദം) കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി കണ്ടെത്താൻ സഹായിക്കുന്ന പുതിയ പരിശോധനാ രീതി യുകെയിലെ എൻ.എച്ച്.എസ് (NHS) ആശുപത്രികളിൽ ഉപയോഗിച്ച് തുടങ്ങി. നിലവിലുള്ള വേദനയേറിയതും ശരീരത്തിനുള്ളിലേക്ക് ക്യാമറ കടത്തിവിട്ടുള്ളതുമായ ‘സിസ്റ്റോസ്കോപ്പി’ (Cystoscopy) പരിശോധനയ്ക്ക് പകരമായി, രോഗികൾക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ‘ഗലീലിയസ് ബ്ലാഡർ ടെസ്റ്റ്’ (Galeas bladder test) എന്ന ലളിതമായ മൂത്രപരിശോധനയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും അഞ്ച് പ്രമുഖ ആശുപത്രികൾ ഈ രീതി സ്വീകരിച്ചു കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ 16 ആശുപത്രികൾ കൂടി ഇതിലേക്ക് മാറും.

ബ്ലാഡർ കാൻസറുമായി ബന്ധപ്പെട്ട 23 പ്രധാന ജീനുകളെ (DNA) വിശകലനം ചെയ്താണ് ഈ ടെസ്റ്റ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ എൻ.എച്ച്.എസ് പരീക്ഷണങ്ങളിൽ 92% കൃത്യതയോടെ രോഗം കണ്ടെത്താൻ ഇതിന് കഴിഞ്ഞിട്ടുണ്ട്; എന്നാൽ പരമ്പരാഗത സിസ്റ്റോസ്കോപ്പിക്ക് 81% കൃത്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്ന രോഗികളെയാണ് സാധാരണയായി ഈ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകരും ‘നൊനാക്കസ്’ (Nonacus) എന്ന ബയോടെക് കമ്പനിയും ചേർന്നാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

യുകെയിൽ പ്രതിവർഷം ആറായിരത്തോളം പേരുടെ ജീവനെടുക്കുന്ന ബ്ലാഡർ കാൻസർ നേരത്തെ തന്നെ കണ്ടെത്താൻ ഈ നവീകരണം സഹായിക്കുമെന്ന് കാൻസർ റിസർച്ച് യുകെ ചീഫ് ബിസിനസ് ഓഫീസർ ടോണി ഹിക്സൺ വ്യക്തമാക്കി. രോഗലക്ഷണങ്ങളുമായി ആദ്യമായി ഡോക്ടറെ കാണുമ്പോൾ തന്നെ ഈ പരിശോധന നടത്താമെന്നത് വലിയൊരു നേട്ടമാണ്. ആരോഗ്യരംഗത്തെ ഇത്തരം അത്യാധുനിക സാങ്കേതികവിദ്യകൾ വേഗത്തിൽ നടപ്പിലാക്കുന്നത് കാൻസർ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് എൻ.എച്ച്.എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ ഫ്രാങ്കി സ്വേർഡ്സും അഭിപ്രായപ്പെട്ടു.