ബ്രിട്ടന്റെ അഭിമാനം ഉയർത്താൻ ലേബർ പാർട്ടി’; പുതിയ മുദ്രാവാക്യവുമായി കെയർ സ്റ്റാമർ. പ്രചാരണത്തിൽ ഇറാൻ യുദ്ധവും പ്രധാന ചർച്ചയാകുന്നു.
ബ്രിട്ടനിൽ പ്രാദേശിക തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ‘പ്രൗഡ് ഇൻ ബ്രിട്ടൻ’ മുദ്രാവാക്യവുമായി കെയർ സ്റ്റാമർ.
ലണ്ടൻ: ബ്രിട്ടനിൽ വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാമർ. ജനങ്ങളുടെ ജീവിതച്ചെലവ് (Cost of living) കുറയ്ക്കുന്നതിലൂന്നിയുള്ള പ്രവർത്തനങ്ങളും രാജ്യസുരക്ഷയുമാണ് ലേബർ പാർട്ടിയുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. ‘പ്രൗഡ് ഇൻ ബ്രിട്ടൻ’ (Pride in Britain) എന്ന പുതിയ മുദ്രാവാക്യവുമായാണ് പാർട്ടി വോട്ടർമാരെ സമീപിക്കുന്നത്.
വെസ്റ്റ് മിഡ്ലാൻഡ്സിൽ നടക്കുന്ന റാലിയിൽ ഉപപ്രധാനമന്ത്രി ലൂസി പവൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കൊപ്പം സ്റ്റാമർ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും.ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന് ഇപ്പോൾ വേണ്ടത് പക്വമായ നേതൃത്വമാണെന്നും ലേബർ പാർട്ടിയെ കൈവിടുന്നത് അപകടകരമാകുമെന്നും സ്റ്റാമർ മുന്നറിയിപ്പ് നൽകുന്നു. ഊർജ്ജ ബില്ലുകൾ കുറയ്ക്കൽ, മിനിമം വേതനം വർദ്ധിപ്പിക്കൽ, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയ സർക്കാർ നടപടികൾ അദ്ദേഹം എടുത്തുപറയും.
എന്നാൽ, ലേബർ പാർട്ടിയുടെ മുൻകരുതൽ മറികടന്ന് ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നടത്തുന്ന ആക്രമണങ്ങളെ പിന്തുണച്ച കൺസർവേറ്റീവ് പാർട്ടിയുടെയും റിഫോം യുകെയുടെയും നിലപാട് ഉത്തരവാദിത്തമില്ലാത്തതാണെന്നും അദ്ദേഹം വിമർശിച്ചു.അതേസമയം, തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരികയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വെയിൽസിലും സ്കോട്ട്ലൻഡിലും പാർട്ടിക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു. ലണ്ടനിലെ ചില കൗൺസിലുകളിൽ ഗ്രീൻ പാർട്ടിയും, വടക്കൻ ഇംഗ്ലണ്ടിലെ ലേബർ കോട്ടകളിൽ റിഫോം യുകെയും വലിയ മുന്നേറ്റം നടത്തിയേക്കും. ഗ്രീൻ പാർട്ടിയും റിഫോം പാർട്ടിയും സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരമല്ല നൽകുന്നതെന്നും, ലേബർ സർക്കാർ മാത്രമാണ് ജനങ്ങളുടെ പോക്കറ്റിലെ പണം ലാഭിക്കാൻ ശ്രമിക്കുന്നതെന്നും സ്റ്റാമർ അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ ബ്രിട്ടനിലുടനീളം ശക്തമായ പ്രചാരണ പരിപാടികളാണ് ലേബർ പാർട്ടി ലക്ഷ്യമിടുന്നത്.