Sathyian Nedumancherriyil

Subject : ബ്രിട്ടനിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഒരാളുടെ നില ഗുരുതരം.

ബ്രിട്ടനിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഒരാളുടെ നില ഗുരുതരം.

ലണ്ടൻ : ബ്രിട്ടനിലെ നോട്ടിങ്ഹാമിന് സമീപമുള്ള ആർനോൾഡ് ടൗൺ സെന്ററിൽ കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 01:10-ഓടെയാണ് ചുവന്ന നിറത്തിലുള്ള വോക്സ്ഹാൾ ആസ്ട്ര (Vauxhall Astra) കാർ മാർക്കറ്റ് പ്ലേസിലുള്ള ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് നോട്ടിങ്ഹാാംഷെയർ പോലീസ് അറിയിച്ചു. സംഭവത്തിന് മുൻപ് സ്ഥലത്ത് തർക്കം നടന്നതായി കരുതപ്പെടുന്നു. കാർ ഓടിച്ചിരുന്ന ആൾ സംഭവസ്ഥലത്ത് നിന്ന് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ഭീകരാക്രമണ സാധ്യതകൾ പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്, നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ റൂബി ബറോ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി മാർക്കറ്റ് പ്ലേസ് ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ പോലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. സംഭവത്തിന് സാക്ഷികളായവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഗെഡ്ലിങ് എംപി മൈക്കൽ പെയ്‌നും മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ ഭാഗത്ത് ബാരിയറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.