ബുക്കിംഗ് സമയത്ത് കുറഞ്ഞ വില, ചെക്കൗട്ടിൽ അധിക ഫീസ്; എഎ ഡ്രൈവിംഗ് സ്കൂളിന്റെ തട്ടിപ്പ് വെളിച്ചത്ത്.
ലണ്ടൻ: : ബുക്കിംഗ് സമയത്ത് മുഴുവൻ തുകയും വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചതിന് (ഡ്രിപ്പ് പ്രൈസിംഗ്) പ്രമുഖ യുകെ മോട്ടിംഗ് ഗ്രൂപ്പായ എഎയ്ക്ക് (AA) 4.2 മില്യൺ പൗണ്ട് പിഴ ചുമത്തി. നിശ്ചിത നിരക്കിന് പുറമെ മറച്ചുവെച്ച ഫീസുകൾ ഈടാക്കിയതിലൂടെ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഏകദേശം 80,000 ലേണർ ഡ്രൈവർമാർക്കായി 760,000 പൗണ്ടിലധികം രൂപ തിരികെ നൽകാൻ കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (CMA) ഉത്തരവിട്ടു.
എഎയുടെ ഉടമസ്ഥതയിലുള്ള ബിഎസ്എം (BSM) ഡ്രൈവിംഗ് സ്കൂളും ഇതേ നടപടി നേരിടുന്നുണ്ട്. ഓൺലൈൻ ബുക്കിംഗ് വേളയിൽ നിർബന്ധിത ഫീസുകൾ തുടക്കത്തിലേ കാണിക്കണമെന്ന യുകെ ഉപഭോക്തൃ നിയമം ലംഘിച്ച്, ചെക്ക്ഔട്ട് സമയത്ത് മാത്രം അധിക തുക കൂട്ടിച്ചേർത്തതാണ് തിരിച്ചടിയായത്.സിഎംഎയുടെ പുതിയ അധികാരമുപയോഗിച്ച് കോടതി നടപടികളില്ലാതെ നേരിട്ട് പിഴ ചുമത്തുന്ന ആദ്യ സംഭവമാണിത്. ഓരോ ഉപഭോക്താവിനും ശരാശരി 9 പൗണ്ട് വീതം റീഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാൽ എഎയ്ക്ക് ലഭിക്കേണ്ടിയിരുന്ന പിഴത്തുകയിൽ 40 ശതമാനം ഇളവ് നൽകിയിട്ടുണ്ട്.
3 പൗണ്ടിന്റെ ബുക്കിംഗ് ഫീസിനെ ചൊല്ലിയായിരുന്നു തർക്കം. ഇത് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് എഎ സമ്മതിക്കുകയും വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ടിക്കറ്റ് വിൽപനക്കാരായ സ്റ്റബ്ഹബ് (StubHub), വിയാഗോഗോ (Viagogo) തുടങ്ങിയ എട്ട് കമ്പനികൾക്കെതിരെ സമാനമായ ഓൺലൈൻ ക്രമക്കേടുകളിൽ സിഎംഎ നിലവിൽ അന്വേഷണം നടത്തിവരികയാണ്.