ബിസിനസ് ലോകത്തെ നടുക്കി കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയി റെയ്ഡിനിടെ സ്വയം വെടിയുതിർത്തു
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് അന്തരിച്ചു.
ഇന്ത്യ /ബംഗളുരു : പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ് (57) അന്തരിച്ചു. ഇന്ന് (2026 ജനുവരി 30) ബംഗളൂരുവിലെ ലാംഗ്‌ഫോർഡ് ടൗണിലുള്ള വസതിയിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ആദായനികുതി വകുപ്പും (IT) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അദ്ദേഹത്തിന്റെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തുന്നതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായതെന്ന് പറയപ്പെടുന്നു. വെടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ മല്ല്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തം ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് അദ്ദേഹം കൃത്യം നിർവ്വഹിച്ചതെന്നാണ് പോലീസ് നിഗമനം.ബംഗളൂരു പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലെ ദുരൂഹതകൾ നീക്കാൻ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.റിയൽ എസ്റ്റേറ്റ് മേഖലയിൽ ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ബ്രാൻഡായി കോൺഫിഡന്റ് ഗ്രൂപ്പിനെ വളർത്തിയെടുത്തത് ഡോ. സി.ജെ. റോയ് ആണ്.
റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ ഗ്രൂപ്പ് സജീവമായിരുന്നു. മലയാള സിനിമയിലെ നിർമ്മാണ-വിതരണ രംഗത്ത് അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. നിരവധി പ്രമുഖ ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ബിസിനസ് രംഗത്തെ മികവിന് ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.