ഫെബ്രുവരിയിൽ യു കെയിൽ അതിശൈത്യം; മഞ്ഞുവീഴ്ച്ചയ്ക്ക് മുന്നറിയിപ്പ്.
ലണ്ടൻ : വസന്തകാലത്തിലേക്ക് നീങ്ങുന്നതിനിടയിലും, ഫെബ്രുവരി മാസത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ എഴുപത് കൗണ്ടികളിൽ ശക്തമായ മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങൾ പ്രകാരം, കുറച്ച് നാൾ കൂടി അതിശൈത്യാവസ്ഥ തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
‘ചന്ദ്ര’ കൊടുങ്കാറ്റ് പ്രദേശം വിട്ടതിനു പിന്നാലെ, ഫെബ്രുവരി മാസത്തിൽ കടുത്ത തണുപ്പും വ്യാപകമായ മഞ്ഞുവീഴ്ച്ചയും ഉണ്ടാകാനാണ് സാധ്യത. ഫെബ്രുവരി 14 മുതൽ യു കെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ച ആരംഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
സ്കോട്ട്ലാൻഡിന്റെ വടക്കൻ അതിർത്തിമേഖല മുതൽ ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്റ് വരെ വ്യാപകമായി മഞ്ഞുവീഴ്ച്ച അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം, വെയിൽസിലും നോർതേൺ അയർലൻഡിലും ചെറിയ തോതിലുള്ള മഞ്ഞുവീഴ്ച്ചയും പ്രതീക്ഷിക്കപ്പെടുന്നു.
വടക്കൻ അറ്റ്ലാന്റിക്കിൽ രൂപപ്പെടുന്ന ഒരു ഫ്രണ്ടൽ സിസ്റ്റം, തെക്കോട്ടേക്ക് വഴിമാറുന്ന ജെറ്റ് പ്രവാഹത്തിന്റെ സ്വാധീനത്തിൽ യു കെയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതാണ് ഫെബ്രുവരിയിലെ കാലാവസ്ഥയെ കൂടുതൽ പ്രവചനാതീതമാക്കുന്നതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
അടുത്ത ദിവസങ്ങളിൽ യാത്രാ തടസ്സങ്ങൾക്കും ദിനചര്യയിൽ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.