Sathyian Nedumancherriyil

Subject : പ്രതിസന്ധിയിൽ അടിപതറി ജാഗ്വാർ ലാൻഡ് റോവർ: വൻ തോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു.

പ്രതിസന്ധിയിൽ അടിപതറി ജാഗ്വാർ ലാൻഡ് റോവർ: വൻ തോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു.

ലണ്ടൻ: പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (JLR) വൻതോതിൽ ജീവനക്കാരെ ഒഴിവാക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാർക്കായി കമ്പനി സന്നദ്ധ രാജി പദ്ധതി (Voluntary Redundancy) പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ തിരിച്ചടികളും വർദ്ധിച്ചുവരുന്ന പ്രതിസന്ധികളും തരണം ചെയ്യാനായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ 1.7 ശബകോടി പൗണ്ട് (ഏകദേശം 18,000 കോടിയിലധികം രൂപ) സേവ് ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം.

കഴിഞ്ഞ വർഷം നേരിട്ട ഗുരുതരമായ സൈബർ ആക്രമണവും അന്താരാഷ്ട്ര തലത്തിലുണ്ടായ വിൽപ്പന ഇടിവുമാണ് കമ്പനിയെ ഉലച്ചത്. സൈബർ ആക്രമണത്തെ തുടർന്ന് ഒരു മാസത്തിലേറെ ഉൽപ്പാദനം പൂർണ്ണമായി തടസ്സപ്പെടുകയും കമ്പനിക്ക് 1.9 ശതകോടി പൗണ്ടിന്റെ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. തരംതിരിച്ചുള്ള കണക്കുകൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏകദേശം 4,000 തൊഴിലവസരങ്ങൾ വരെ നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ.

യുകെയിൽ മാത്രം മുപ്പതിനായിരത്തോളം ജീവനക്കാരുള്ള കമ്പനിയുടെ പുതിയ തീരുമാനം വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ പ്രമുഖ ട്രേഡ് യൂണിയനായ ‘യുണൈറ്റ്’ യുകെ സർക്കാരുമായും ജെഎൽആർ മാനേജ്‌മെന്റുമായും അടിയന്തര ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.