തെക്കൻ ലെബനനെ ചാരമാക്കാൻ ഇസ്രായേൽ; ‘കരിഞ്ഞുണങ്ങിയ മണ്ണ്’ നയമെന്ന് ലെബനൻ പ്രധാനമന്ത്രി!.
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം അധിനിവേശം ശക്തമാക്കിയതോടെ മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇസ്രായേൽ സൈന്യം (IDF) തങ്ങളുടെ അതിർത്തികൾ ഭേദിച്ച് ലിതാനി നദി കടന്ന് മുന്നേറുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതോടെ ലെബനനിൽ ഇസ്രായേൽ പിന്തുടരുന്നത് ‘കരിഞ്ഞുണങ്ങിയ മണ്ണ്’ (Scorched-earth) നയമാണെന്നും ഗ്രാമങ്ങളെ മുഴുവൻ തകർത്ത് ജനങ്ങളെ കൂട്ടത്തോടെ നാടുകടത്തുകയാണെന്നും ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം കുറ്റപ്പെടുത്തി.
മേഖലയിൽ എത്രയും വേഗം ശാശ്വതമായ വെടിനിർത്തൽ വേണമെന്ന് ലെബനൻ ആവശ്യപ്പെടുമ്പോഴും, ഇസ്രായേൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ 26 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കടന്നുകയറ്റമാണ് ഇപ്പോൾ നടക്കുന്നത്. അതിനിടെ, പ്രതിസന്ധി പരിഹരിക്കാൻ ഇരുരാജ്യങ്ങളിലെയും സൈനിക പ്രതിനിധികൾ വാഷിംഗ്ടണിൽ വെച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടത്തിയെങ്കിലും, ലെബനനിലെ നബതിയ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ഇസ്രായേൽ വൻ വ്യോമാക്രമണം തുടരുകയാണ്. ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുള്ളയും ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ദക്ഷിണ ലെബനനിലെ വിവിധ നഗരങ്ങളിൽ ഇസ്രായേൽ സൈന്യവുമായി ഹിസ്ബുള്ള നേരിട്ട് ഏറ്റുമുട്ടുകയും വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വർഷിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ഇരുവിഭാഗങ്ങളും തമ്മിൽ ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, പരസ്പരം നിയമലംഘനം ആരോപിച്ച് ഇരുപക്ഷവും ആക്രമണം തുടരുകയായിരുന്നു. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മാർച്ച് 2 മുതൽ ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ 3,371-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.