തപാൽ വോട്ടിംഗ് നിയന്ത്രണങ്ങൾ തടഞ്ഞ് യുഎസ് സുപ്രീം കോടതി; ട്രംപ് ഭരണകൂടത്തിന് തിരിച്ചടി.
വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടയിൽ, ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തപാൽ വോട്ടിംഗ് നിയന്ത്രണങ്ങൾ തടഞ്ഞ് യുഎസ് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് അരാജകത്വത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ച കോടതി, വർഷങ്ങളായി തുടരുന്ന പഴയ രീതിയിൽ തന്നെ സംസ്ഥാനങ്ങൾക്ക് തപാൽ വോട്ടുകൾ അയക്കുന്നത് തുടരാമെന്നും ഉത്തരവിട്ടു. ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ലക്ഷ്യമിട്ട് ട്രംപ് കൊണ്ടുവന്ന വിവാദ ഉത്തരവുകൾക്കാണ് ഇതോടെ തിരിച്ചടിയേറ്റത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ പ്രസിഡന്റിന് ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്താൻ ഭരണഘടന അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടി 23 സംസ്ഥാനങ്ങളും പൗരാവകാശ സംഘടനകളുമാണ് കോടതിയെ സമീപിച്ചത്. ഫെഡറൽ റെക്കോർഡുകളുമായി ഒത്തുനോക്കി വോട്ടർമാരെ അയോഗ്യരാക്കാനും പോസ്റ്റ് ഓഫീസ് വഴി ബാലറ്റുകൾ അയക്കുന്നത് തടയാനുമായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം വലിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത് ലക്ഷക്കണക്കിന് വോട്ടർമാരെ ബാധിക്കുമെന്ന് ലോവർ കോടതികളും സുപ്രീം കോടതിയും വ്യക്തമാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല സംസ്ഥാനങ്ങൾക്കാണെന്നും പ്രസിഡന്റിനല്ലെന്നും വ്യക്തമാക്കിയ മനുഷ്യാവകാശ സംഘടനകളും ഡെമോക്രാറ്റ് നേതാക്കളും കോടതി വിധിയെ സ്വാഗതം ചെയ്തു. വിദേശത്തുള്ള സൈനികരുടെ വോട്ടുകൾ ഉൾപ്പെടെയുള്ളവ സമയബന്ധിതമായി അയക്കേണ്ട സമയത്ത് ഈ ഉത്തരവ് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുമായിരുന്നുവെന്ന് വോട്ടിംഗ് റൈറ്റ്സ് അധികൃതർ ചൂണ്ടിക്കാണിച്ചു. വിധി വോട്ടർമാരുടെ വിജയമാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ നിരന്തരം പോരാടുമെന്നും അവർ വ്യക്തമാക്കി.
2020-ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം തപാൽ വോട്ടുകളാണെന്ന് ഡൊണാൾഡ് ട്രംപ് നിരന്തരം ആരോപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഈ ഇടപെടൽ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് തപാൽ വഴി സുഗമമായി വോട്ട് രേഖപ്പെടുത്താൻ വഴിയൊരുക്കിയിരിക്കുകയാണ്. എങ്കിലും ട്രംപ് ഭരണകൂടം സമാനമായ നീക്കങ്ങളുമായി വീണ്ടും രംഗത്തുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.