ചൈനയ്ക്ക് ആയുധങ്ങൾ വാങ്ങാൻ ട്രംപിന്റെ ഓഫർ; പുതിയ വെളിപ്പെടുത്തലുമായി യു.എസ്. അംബാസഡർ!
വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപ്പര്യമുണ്ടോയെന്ന് ഡൊണാൾഡ് ട്രംപ് ചോദിച്ചതായി ചൈനയിലെ യു.എസ്. അംബാസഡർ ഡേവിഡ് പെർഡ്യൂ വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ചൈനയിലേക്ക് ആയുധങ്ങൾ വിൽക്കാൻ അമേരിക്കയ്ക്ക് പദ്ധിയില്ലെന്ന് പിന്നീട് വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കിയിട്ടുണ്ട്.
തായ്വാനിലേക്കുള്ള 14 ബില്യൺ ഡോളറിന്റെ ആയുധക്കച്ചവട പാക്കേജ് ട്രംപ് തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് ഈ പരാമർശം പുറത്തുവന്നത്. ചൈനയുമായുള്ള വിലപേശലിനുള്ള ഉപാധിയായാണ് ഈ ആയുധക്കച്ചവടത്തെ കാണുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തായ്വാന് സ്വയം പ്രതിരോധത്തിനുള്ള ആയുധങ്ങൾ നൽകാൻ അമേരിക്ക നിയമപരമായി ബാധ്യസ്ഥമാണെങ്കിലും, ഈ വിഷയത്തിൽ ട്രംപിന്റെ നിലപാട് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും അമേരിക്കയും രണ്ടാം ലോകമഹായുദ്ധത്തിൽ ഒന്നിച്ച് പോരാടിയിരുന്നുവെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്കെതിരെ തായ്വാൻ രംഗത്തുവന്നു. അന്നത്തെ ചൈനീസ് സർക്കാർ കമ്മ്യൂണിസ്റ്റുകളല്ലായിരുന്നുവെന്നും, പരാജയപ്പെട്ട ആ സർക്കാരാണ് പിന്നീട് തായ്വാനിലേക്ക് പലായനം ചെയ്തതെന്നും തായ്വാൻ ഔദ്യോഗിക വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. ബെയ്ജിംഗിന്റെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് തായ്വാൻ ശ്രമിക്കുന്നത്.
ചൈനീസ് സാമ്പത്തിക സ്ഥിതി പിന്നോട്ട് പോകുമ്പോഴും സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതായി തായ്വാൻ മുന്നറിയിപ്പ് നൽകി. തായ്വാൻ സ്ട്രെയിറ്റിൽ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ അമേരിക്ക കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് തായ്വാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.