ചെങ്കടലിൽ അഭയാർത്ഥി ബോട്ട് കത്തികൊണ്ട് കീറിമുറിച്ച് തീവ്ര വലതുപക്ഷ പ്രവർത്തകൻ; വ്യാപക പ്രതിഷേധം.
ഗോസ്പോർട്ട്: ചെങ്കടലിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തീവ്ര വലതുപക്ഷ പ്രവർത്തകൻ കത്തികൊണ്ട് കീറിമുറിച്ച സംഭവം വലിയ വിവാദത്തിന് തിരികൊളുത്തി. ഡാനി ടോമ്മോ എന്നറിയപ്പെടുന്ന ഡാനിയേൽ തോമസ് എന്ന തീവ്ര വലതുപക്ഷ പ്രവർത്തകനാണ് രക്ഷാപ്രവർത്തകൻ ബോട്ടിൽ ഉള്ളപ്പോൾ തന്നെ റബ്ബർ ഡിങ്കി കത്തികൊണ്ട് കുത്തിക്കീറിയത്. സംഭവത്തിന്റെ ലൈവ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ചാരിറ്റികളും മനുഷ്യാവകാശ സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
ചൊവ്വാഴ്ച വൈകിട്ട് ഹാംപ്ഷെയറിലെ ഗോസ്പോർട്ട് മേഖലയിൽ അഭയാർത്ഥികളുടെ വരവ് തടയാൻ നൂറുകണക്കിന് പ്രക്ഷോഭകർ ഒത്തുകൂടിയിരുന്നു. എന്നാൽ അഭയാർത്ഥികളെയും വഹിച്ചുകൊണ്ടുള്ള ബോട്ട് പിന്നീട് ഡോവറിലേക്കാണ് എത്തിയത്. ഫ്രാൻസിൽ നിന്നും യുകെയിലേക്ക് അഭയാർത്ഥികളുമായി വന്ന ബോട്ടുകളെ ട്രാക്ക് ചെയ്യവേയാണ് ഡാനി ടോമ്മോ അതിക്രമം കാട്ടിയത്. ബോട്ടിലുണ്ടായിരുന്ന രക്ഷാപ്രവർത്തകന്റെ ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രവൃത്തിയെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.
36 മണിക്കൂറിലധികം കടലിൽ കഴിയേണ്ടി വന്ന അഭയാർത്ഥികൾ കടുത്ത അവശതയിലായിരുന്നുവെന്ന് ആർഎൻഎൽഐ (RNLI) വ്യക്തമാക്കി. ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സുരക്ഷിതമായി കരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം ആരംഭിച്ചതായും, ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും അതിക്രമം കാണിച്ചതിനും ആറുപേരെ കസ്റ്റഡിയിലെടുത്തതായും ഹാംപ്ഷെയർ പൊലീസ് അറിയിച്ചു.
അഭയാർത്ഥി പ്രവാഹവും അനുബന്ധ പ്രതിഷേധങ്ങളും കാരണം പ്രാദേശിക പൊലീസിന് വലിയ സുരക്ഷാ ഭാരമാണ് ഉണ്ടാക്കുന്നതെന്ന് ഹാംപ്ഷെയർ പൊലീസ് കമ്മീഷണർ ഡോണ ജോൺസ് വ്യക്തമാക്കി. അഭയാർത്ഥികളെ സുരക്ഷിതമായി കൈകാര്യം ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും സർക്കാർ വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.