ക്രൂരം! ഒരു വയസ്സുകാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്.
ലണ്ടൻ : ഒരു വയസ്സുകാരനായ മകന് ഫീഡിംഗ് ബോട്ടിലിൽ പാലിലും ജ്യൂസിലും മാരകമായ അളവിൽ മരുന്നുകൾ കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. യുകെയിലെ എസെക്സ് സ്വദേശിയായ 36-കാരി എമ്മ ബാർനെറ്റിനെയാണ് മകൻ ഓക്ലിയെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷിച്ചത്. ഫാമിലി കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റി ചൈൽഡ് കെയർ അധികൃതർക്ക് കൈമാറുന്നത് തടയാനാണ് അമ്മ ഈ ക്രൂരത ചെയ്തത്.
2024 നവംബർ 8-നായിരുന്നു യുകെയെ നടുക്കിയ ഈ സംഭവം നടന്നത്. കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഫാമിലി കോടതിയുടെ ഓൺലൈൻ സിറ്റിങ്ങിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് എമ്മ തനിക്ക് ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് കൈക്കലാക്കിയിരുന്നു. തുടർന്ന് താൻ സുഹൃത്തിന്റെ വീട്ടിലേക്കോ എപ്പിംഗ് ഫോറസ്റ്റിലേക്കോ പോയെന്ന വ്യാജധാരണ അധികാരികളിൽ പരത്തിയ ശേഷം, ഇവർ സ്വന്തം വീടിന്റെ തട്ടിൻപുറത്ത് (loft) മകനുമായി ഒളിച്ചിരിക്കുകയായിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാനായി എത്തിയ സോഷ്യൽ വർക്കർമാർക്കും പൊലീസിനും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എമ്മയുടെ കാർ എപ്പിംഗ് ഫോറസ്റ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹെലികോപ്റ്ററുകളും പൊലീസ് നായകളും ഉപയോഗിച്ച് വൻ തിരച്ചിൽ നടത്തി. ഒടുവിൽ അർദ്ധരാത്രിയോടെ ഇവരുടെ വീട്ടിലെത്തിയ പൊലീസിന് മുകളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ സാധിച്ചു. പൊലീസുകാർ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ “ഞാൻ അവനെ കൊന്നു” എന്ന് എമ്മ വിളിച്ചുപറയുകയായിരുന്നു.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന 14 മാസം പ്രായമുള്ള ഓക്ലി, 2024 ഡിസംബർ 31-നാണ് മരണത്തിന് കീഴടങ്ങിയത്. തന്നെ മാത്രം പൂർണ്ണമായും ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു പിഞ്ചുകുഞ്ഞിനെയാണ് അമ്മ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി നിരീക്ഷിച്ചു. വിചാരണയിൽ എമ്മ കുറ്റം നിഷേധിച്ചിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു.