Sathyian Nedumancherriyil

Subject : കെന്റിലെ തീരദേശ ഹോട്ടലിൽ വൻ തീപിടിത്തം; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു.

കെന്റിലെ തീരദേശ ഹോട്ടലിൽ വൻ തീപിടിത്തം; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു.

ഫോക്‌സ്റ്റോൺ: യുകെയിലെ കെന്റിലുള്ള പ്രശസ്ത തീരദേശ നഗരമായ ഫോക്‌സ്റ്റോണിലെ ‘ഗ്രാൻഡ് ബർസ്റ്റിൻ’ (Grand Burstin) ഹോട്ടലിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയോടെ ഉണ്ടായ അപകടത്തെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്ന 280-ഓളം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഹോട്ടലിന്റെ ബേസ്‌മെന്റിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ 26 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഒഴിപ്പിച്ചവർക്കായി പ്രാദേശിക ഭരണകൂടം സമീപത്തെ സ്പോർട്സ് പാർക്കിൽ പ്രത്യേക വെൽഫെയർ സെന്റർ തുറന്നിട്ടുണ്ട്.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയ ശേഷം പുക മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പ്രദേശവാസികൾ ജനലുകളും വാതിലുകളും അടച്ചിടണമെന്നും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് നിർദ്ദേശം നൽകി. ഇവിടുത്തെ പ്രധാന തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന 550 മുറികളുള്ള വലിയ ഹോട്ടൽ സമുച്ചയമാണിത്.