Sathyian Nedumancherriyil

Subject : കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നുവെന്ന പരാതി; പ്രമുഖ പോർണോഗ്രാഫി വെബ്‌സൈറ്റിനെതിരെ യുകെ റെഗുലേറ്ററുടെ അന്വേഷണം.

കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നുവെന്ന പരാതി; പ്രമുഖ പോർണോഗ്രാഫി വെബ്‌സൈറ്റിനെതിരെ യുകെ റെഗുലേറ്ററുടെ അന്വേഷണം.

ലണ്ടൻ: കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന് ലോകത്തിലെ പ്രമുഖ പോർണോഗ്രാഫി വെബ്‌സൈറ്റുകളിലൊന്നിനെതിരെ യുകെയിലെ മീഡിയ റെഗുലേറ്ററായ ഓഫ്‌കോം (Ofcom) അന്വേഷണം ആരംഭിച്ചു. പ്രായം പരിശോധിക്കുന്നതിനുള്ള സൈറ്റിന്റെ സംവിധാനം കർശനമല്ലെന്നും, ഇത് ഓൺലൈൻ സുരക്ഷാ നിയമങ്ങളുടെ ലംഘനമാണോയെന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ളവർ ലൈംഗിക ഉള്ളടക്കങ്ങൾ കാണുന്നത് തടയാൻ കർശന നടപടികൾ വേണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

ആപ്പിളിന്റെ (Apple) പ്രയപരിധി പരിശോധനാ പ്രക്രിയ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഓഫ്‌കോം പ്രധാനമായും അന്വേഷിക്കുന്നത്. ഓൺലൈൻ സുരക്ഷാ നിയമം കർശനമാക്കിയതിനെ തുടർന്ന് പോൺഹബ് യുകെയിലെ പുതിയ ഉപയോക്താക്കൾക്ക് പ്രവേശനം തടഞ്ഞിരുന്നു. എന്നാൽ ആപ്പിളിന്റെ സംവിധാനം വഴി 18 വയസ്സിനു മുകളിലാണെന്ന് സ്ഥിരീകരിച്ച ഉപയോക്താക്കൾക്ക് സൈറ്റിൽ പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ മെയ് മാസത്തിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഉപയോക്താക്കളുടെ പ്രായം കൃത്യമായി തിട്ടപ്പെടുത്തുന്നതിൽ ഈ ഡിവൈസ് ലെവൽ പരിശോധനകൾ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കുട്ടികൾക്ക് ഇത്തരം വെബ്‌സൈറ്റുകൾ എളുപ്പത്തിൽ ലഭ്യമാകുന്നത് തടയുന്നതിൽ പരാജയപ്പെടുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റെഗുലേറ്ററി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെയിലെ പുതിയ ഡിജിറ്റൽ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഓഫ്‌കോമിന്റെ ഈ ഇടപെടൽ. കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രായപരിധി പരിശോധനകളിൽ കൂടുതൽ കൃത്യത വരുത്താൻ പ്രമുഖ വെബ്‌സൈറ്റുകൾ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.