Sathyian Nedumancherriyil

Subject : കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി അമേരിക്ക; ഐ.സി.ഇ അറസ്റ്റുകൾ റെക്കോർഡ് ഉയരത്തിൽ.

കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി അമേരിക്ക; ഐ.സി.ഇ അറസ്റ്റുകൾ റെക്കോർഡ് ഉയരത്തിൽ.

വാഷിംഗ്ടൺ: അമേരിക്കയിൽ കുടിയേറ്റക്കാർക്കെതിരായ പരിശോധനകളും അറസ്റ്റുകളും റെക്കോർഡ് ഭേദമായ അളവിൽ വർദ്ധിച്ചതായി റിപ്പോർട്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് പരസ്യമായ വലിയ റെയ്ഡുകൾ ഒഴിവാക്കി കൂടുതൽ നിശബ്ദമായാണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്. പ്രാദേശിക പൊലീസുമായുള്ള പങ്കാളിത്തത്തിലൂടെയും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്.

ഹോംലാൻഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക പൊലീസുമായി ചേർന്ന് രാജ്യത്തുടനീളം കർശന പരിശോധനകളാണ് നടപ്പിലാക്കുന്നത്. തെരുമുന്നണികളിലും കച്ചവടസ്ഥാപനങ്ങൾക്ക് പുറത്തും പതിയിരുന്നാണ് ഇമിഗ്രേഷൻ ഓഫീസർമാർ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത്. രേഖകൾ കൃത്യമായി ഇല്ലാത്തവരെ മാത്രമല്ല, നിയമപരമായ പദവിയുള്ളവരെയും പൗരന്മാരെയും പോലും തെറ്റായ നടപടികൾക്ക് ഇരയാക്കേണ്ടി വരുന്നുണ്ടെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു.

നിയമപരമായ കുടിയേറ്റ പദവികൾ റദ്ദാക്കാനും പുതിയ നാടുകടത്തൽ ചട്ടങ്ങൾ നടപ്പിലാക്കാനും ട്രംപ് ഭരണകൂടം ശ്രമിച്ചുവരികയാണ്. കോടതി നടപടികളിൽ പങ്കെടുക്കാത്തവരെയും വിവിധ കേസുകളിൽ ഉൾപ്പെട്ടവരെയും പെട്ടെന്ന് തന്നെ നാടുകടത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. തടങ്കലിൽ കഴിയുന്ന പലരും മാസങ്ങളോളം നീളുന്ന നിയമനടടികൾ ഭയന്ന് സ്വയം നാടുകടത്തലിന് വിധേയരാകാൻ നിർബന്ധിതരാകുന്നുണ്ട്.

അമേരിക്കൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കുടിയേറ്റ പരിശോധനകൾ വ്യാപിപ്പിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ആശങ്കയിലായിരിക്കുന്നത്. മാനുഷിക പരിഗണനകൾ നൽകിയിരുന്ന പല മുൻകാല നയങ്ങളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങൾ വലിയ തോതിലുള്ള സാമൂഹിക പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചുകൊണ്ടിരിക്കുന്നത്.