കുടിയേറ്റക്കാരെ അതിർത്തിയിൽ തടയാൻ ട്രംപ് സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി; യുഎസ് അഭയ നിയമങ്ങളിൽ വൻ മാറ്റം.
വാഷിംഗ്ടൺ ഡിസി: യുഎസ്-മെക്സിക്കോ അതിർത്തിയിൽ അഭയാർത്ഥികളെ തടയുന്നതിന് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് പച്ചക്കൊടി കാട്ടി അമേരിക്കൻ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. രാജ്യത്തെ അഭയ സംവിധാനത്തെ (Asylum system) പൂർണ്ണമായി മാറ്റിയെഴുതുന്നതാണ് ഈ തീരുമാനം. ട്രംപ് സർക്കാരിന്റെ ‘മീറ്ററിംഗ്’ (metering) അഥവാ തിരിച്ചയയ്ക്കൽ നയം പുനരാരംഭിക്കാൻ പുതിയ വിധിയിലൂടെ അനുമതി ലഭിക്കും. ഇതോടെ, യുഎസ് മണ്ണിൽ കാലുകുത്തുന്നതിനും പീഡനങ്ങളിൽ നിന്ന് സംരക്ഷണം തേടി അഭയത്തിന് അപേക്ഷിക്കുന്നതിനും മുൻപ് തന്നെ അതിർത്തിയിൽ വെച്ച് കുടിയേറ്റക്കാരെ തടയാൻ ഫെഡറൽ ഏജന്റുമാർക്ക് സാധിക്കും.
അമേരിക്കൻ ഇമിഗ്രേഷൻ നിയമപ്രകാരം രാജ്യത്ത് എത്തുന്ന ഏതൊരു കുടിയേറ്റക്കാരനും അഭയം തേടാൻ അവകാശമുണ്ട്. അതിനാൽ, ‘രാജ്യത്ത് എത്തിച്ചേരുക’ (arrive in) എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്നതിനെ ആശ്രയിച്ചാണ് ഈ കേസിൽ വാദം നടന്നത്. സാധാരണ സംഭാഷണത്തിൽ, ഒരാൾ ഒരു സ്ഥലത്ത് പ്രവേശിക്കുന്നതിന് മുൻപ് അയാൾ അവിടെ ‘എത്തിച്ചേർന്നു’ എന്ന് ആരും പറയില്ലെന്നായിരുന്നു ഭൂരിപക്ഷ വിധി പ്രസ്താവിച്ച ജസ്റ്റിസ് സാമുവൽ അലിറ്റോയുടെ നിരീക്ഷണം.
എന്നാൽ, കോടതിയുടെ ഈ യുക്തിരഹിതമായ വ്യാഖ്യാനം ‘ഇൻ’ (in) എന്ന ഒരൊറ്റ വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണെന്ന് ജഡ്ജി സോണിയ സോട്ടോമെയർ തന്റെ വിയോജനക്കുറിപ്പിൽ ശക്തമായി വാദിച്ചു. നിയമത്തിന്റെ മുഴുവൻ പശ്ചാത്തലവും മനസ്സിലാക്കി വേണം വാക്കുകളെ വായിച്ചെടുക്കാനെന്നും അവർ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഈ തീരുമാനം അന്താരാഷ്ട്ര-യൂഎസ് അഭയ നിയമങ്ങളെ അട്ടിമറിക്കാൻ ട്രംപ് ഭരണകൂടത്തിന് അനുവാദം നൽകുന്നതാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
അതിർത്തികളിൽ എത്തുന്ന ആളുകളെ കൃത്യമായി പരിശോധിക്കണമെന്നും അവരെ വീണ്ടും അപകടകരമായ സാഹചര്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിലവിലെ നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പുതിയ വിധി ഈ സുരക്ഷാ മാനദണ്ഡങ്ങളെ ഇല്ലാതാക്കുമെന്നാണ് ആശങ്ക. അതിർത്തിയിലെ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ട്രംപ് സർക്കാരിന്റെ നീക്കങ്ങൾക്ക് വലിയ നിയമപരമായ അടിത്തറയാണ് സുപ്രീം കോടതിയുടെ ഈ പുതിയ ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്.