കുടിയേറ്റക്കാരാണ് ഭവന പ്രതിസന്ധിക്ക് കാരണമെന്ന വാദം തെറ്റ്; വസ്തുതാപരമായ തെളിവുകളില്ലെന്ന് വിദഗ്ദ്ധർ!
ഡബ്ലിൻ: അയർലണ്ടിലെ രൂക്ഷമായ ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറ്റക്കാരാണെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി വിദഗ്ദ്ധർ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട പുതിയ ജനസംഖ്യാ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഈ നിരീക്ഷണം. രാജ്യത്തെ ജനസംഖ്യാ വർദ്ധനവ് കൂടുതൽ വീടുകളുടെ ആവശ്യകത സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിന് കുടിയേറ്റവുമായി നേരിട്ട് ബന്ധമുണ്ടെന്ന വാദം വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡബ്ലിൻ യൂണിവേഴ്സിറ്റിയിലെ ഡോ. മീഹോൾ ബൈർൺ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
കുടിയേറ്റം കുറയുന്നത് ഭവന നിർമ്മാണത്തിലുള്ള സമ്മർദ്ദം കുറയ്ക്കുമെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും അത് വീടുകളുടെ വിതരണത്തെ പ്രതികൂലമായി ബാധിക്കും. നിർമ്മാണ മേഖലയിലെ തൊഴിലാളികളിൽ 20 ശതമാനവും കുടിയേറ്റക്കാരാണ് എന്നതുതന്നെയാണ് ഇതിന് കാരണം. കൂടാതെ ആരോഗ്യ രംഗം, സോഷ്യൽ കെയർ, സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകളെയും വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യതയെയും കുടിയേറ്റത്തിലെ കുറവ് ദോഷകരമായി ബാധിക്കും. പ്രധാനമായും വാടക അപ്പാർട്ടുമെന്റുകളെ ആശ്രയിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നത് പുതിയ അപ്പാർട്ട്മെന്റ് നിർമ്മാണ പദ്ധതികളെയും മന്ദഗതിയിലാക്കും.
പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിലേക്കുള്ള കുടിയേറ്റം തുടർച്ചയായ നാലാം വർഷവും ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്തെത്തിയ 1,25,000 പേരിൽ 32,000 പേരും വിദേശത്തുനിന്ന് തിരിച്ചെത്തിയ ഐറിഷ് പൗരന്മാരാണ്. ജനന-മരണ നിരക്കുകളും രാജ്യത്ത് നിന്നും പുറത്തുപോകുന്നവരുടെ കണക്കുകളും പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷം 80,000 പേരാണ് പുതുതായി ജനസംഖ്യയിലേക്ക് എത്തിയത്. ഇതോടെ അയർലണ്ടിലെ നിലവിലെ ആകെ ജനസംഖ്യ 54,58,600 ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് നിലവിൽ 2,50,000 വീടുകളുടെ കുറവുണ്ടെന്നാണ് ഹൗസിംഗ് കമ്മീഷൻ വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമിയുടെ ലഭ്യത ഉറപ്പാക്കുക, പ്ലാനിംഗ് അനുമതികളിലെ കാലതാമസം ഒഴിവാക്കുക എന്നിവയാണ് കമ്മീഷൻ മുന്നോട്ടുവെക്കുന്ന പ്രധാന പരിഹാരമാർഗ്ഗങ്ങൾ. അപ്പാർട്ടുമെന്റുകളുടെ നിർമ്മാണ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്താനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും ഭവന മന്ത്രി ജെയിംസ് ബ്രൗൺ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.