Sathyian Nedumancherriyil

Subject : കിഴക്കൻ ജറുസലേമിലെ യുകെ എംബസി അടച്ചുപൂട്ടാൻ ഇസ്രായേലിന് അവകാശമില്ല: ഡൊമിനിക് ഗ്രീവ്.

കിഴക്കൻ ജറുസലേമിലെ യുകെ എംബസി അടച്ചുപൂട്ടാൻ ഇസ്രായേലിന് അവകാശമില്ല: ഡൊമിനിക് ഗ്രീവ്.

ലണ്ടൻ (യുകെ): കിഴക്കൻ ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജനറൽ ഓഫീസ് അടച്ചുപൂട്ടാനുള്ള ഇസ്രായേൽ തീരുമാനത്തിന് നിയമപരമായ സാധുതയില്ലെന്ന് യുകെ മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ്. ഇസ്രായേലി അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ഉപരോധം ഏർപ്പെടുത്തിയതി പ്രതിഷേധിച്ച് ഒക്ടോബർ 8-ഓടെ കോൺസുലേറ്റ് പൂട്ടിപൂട്ടി അടയ്ക്കുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ ഐക്യരാഷ്ട്രസഭയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൈയേറിയ പലസ്തീൻ പ്രദേശമായി അംഗീകരിച്ചിട്ടുള്ള കിഴക്കൻ ജറുസലേമിൽ ഇത്തരമൊരു നടപടിയെടുക്കാൻ അധിനിവേശ ശക്തിയായ ഇസ്രായേലിന് അധികാരമില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ നിയമോപദേശത്തിൽ ഗ്രീവ് വ്യക്തമാക്കി.

ഇസ്രായേലിന്റെ ഈ നിയമവിരുദ്ധ നീക്കത്തിനെതിരെ യുകെ സർക്കാർ കോടതിയെ സമീപിക്കണമെന്ന് മുൻ കൺസർവേറ്റീവ് എം.പി കൂടിയായ ഗ്രീവ് ആവശ്യപ്പെട്ടു. 1838-ൽ, അതായത് ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കുന്നതിനും ഒരു നൂറ്റാണ്ട് മുൻപ് സ്ഥാപിതമായതാണ് ജറുസലേമിലെ ബ്രിട്ടീഷ് മിഷൻ. ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ നയതന്ത്ര മേൽനോട്ടവും ആശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ ഓഫീസാണ്. ഇസ്രായേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) വിധി മുൻനിർത്തി യുകെ ഈ തീരുമാനത്തെ ശക്തമായി എതിർക്കണമെന്നാണ് വിദഗ്ധരുടെ പക്ഷം.

നിയമപരമായ വിഷയങ്ങൾക്ക് പുറമെ, കോൺസുലേറ്റ് അടച്ചുപൂട്ടുന്നത് പലസ്തീൻ ജനതയ്ക്കുള്ള സഹായങ്ങളെയും മനുഷ്യാവകാശ റിപ്പോർട്ടിംഗിനെയും ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ ജറുസലേമിന് മേൽ പൂർണ്ണ പരമാധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യരാഷ്ട്രസഭ അത് തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഇസ്രായേൽ ഉൽപ്പന്നങ്ങൾ നിരോധിച്ചതിന് മറുപടിയായി ഡച്ച് നയതന്ത്രജ്ഞരുടെ അംഗീകാരം റദ്ദാക്കുമെന്നും കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഇത് റാമല്ലയിലെ ഡച്ച് പ്രതിനിധി ഓഫീസ് പൂട്ടുന്നതിലേക്ക് നയിച്ചേക്കാം.

നേരത്തെ നോർവേ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചപ്പോഴും ഇസ്രായേൽ സമാനമായ പ്രതികാര നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഇത്തരം അങ്ങേയറ്റം ദൗർഭാഗ്യകരവും അന്യായവുമായ തീരുമാനങ്ങൾ നയതന്ത്രബന്ധങ്ങളെ തകർക്കുന്നതാണെന്നാണ് മറ്റ് രാജ്യങ്ങളുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ യുകെയും നെതർലൻഡ്സും കടുത്ത പ്രതിസന്ധിയെയാണ് നയതന്ത്ര തലത്തിൽ അഭിമുഖീകരിക്കുന്നത്.