കാൻസർ ചികിത്സാ രംഗത്ത് വൻ കുതിച്ചുചാട്ടം: യുഎസ് കമ്പനിയായ നുവാലന്റിനെ 10.6 ബില്യൺ ഡോളറിന് സ്വന്തമാക്കി ജിഎസ്‌കെ.
ലണ്ടൻ : ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ജിഎസ്‌കെ (GSK), അമേരിക്കയിലെ പ്രമുഖ കാൻസർ മരുന്ന് വികസന കമ്പനിയായ ‘നുവാലന്റ്’ (Nuvalent) 10.6 ബില്യൺ ഡോളറിന് (ഏകദേശം 7.9 ബില്യൺ പൗണ്ട്) വാങ്ങുന്നു. ജിഎസ്‌കെയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ലൂക്ക് മിയൽസ് ഈ വർഷം ചുമതലയേറ്റ ശേഷമുള്ള ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണിത്. ഇതോടെ ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നുവാലന്റിന്റെ കാൻസർ മരുന്ന് പോർട്ട്‌ഫോളിയോ പൂർണ്ണമായും ജിഎസ്‌കെയുടെ കീഴിലാകും. ശ്വാസകോശാർബുദ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകൾ ഉൾപ്പെടെയുള്ളവയാണ് നുവാലന്റ് വികസിപ്പിച്ചെടുക്കുന്നത്.
ഇതിൽ അന്തിമ ഘട്ട പരീക്ഷണങ്ങളിലുള്ള ‘സിഡെസാന്റിനിബ്’ (zidesamtinib), ‘നെലാഡാൽകിബ്’ (neladalkib) എന്നീ രണ്ട് മരുന്നുകൾ അമേരിക്കൻ ഡ്രഗ് റഗുലേറ്ററായ എഫ്ഡിഎയുടെ (FDA) സജീവ പരിഗണനയിലാണ്. വരുന്ന സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ഇവയ്ക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുകവലിക്കാത്ത, 40-50 പ്രായപരിധിയിലുള്ള സ്ത്രീകളിലെ ശ്വാസകോശാർബുദത്തിന് കാരണമാകുന്ന ജനിതക വ്യതിയാനങ്ങളെ ലക്ഷ്യം വെച്ചാണ് ഈ മരുന്നുകൾ നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ പാർശ്വഫലങ്ങളോടെ രോഗികൾക്ക് മികച്ച ജീവിതനിലവാരം ഉറപ്പാക്കാൻ ഈ അടുത്ത തലമുറ ചികിത്സകൾക്ക് സാധിക്കും.
അനുമതി ലഭിക്കുന്നതോടെ ഈ വർഷം തന്നെ വിപണിയിലിറങ്ങാൻ സാധ്യതയുള്ള ഈ മരുന്നുകൾ വഴി ജിഎസ്‌കെയ്ക്ക് വർഷം തോറും കോടിക്കണക്കിന് ഡോളറിന്റെ വരുമാന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ഇതിനു മുൻപ് 2014-ൽ സ്വിസ് കമ്പനിയായ നൊവാർട്ടിസുമായി 21 ബില്യൺ ഡോളറിന്റെ അസറ്റ് കൈമാറ്റം ജിഎസ്‌കെ നടത്തിയിരുന്നു. മുൻ സിഇഒ എമ്മ വാംസ്‌ലിയുടെ കാലത്ത് തുടങ്ങിയ കാൻസർ ചികിത്സാ രംഗത്തെ മുന്നേറ്റം പുതിയ സിഇഒ ലൂക്ക് മിയൽസ് കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ തെളിവാണ് ഈ പുതിയ വൻകിട കരാർ.
വിവിധ തരത്തിലുള്ള കാൻസറുകളെ ചെറുക്കാൻ ശേഷിയുള്ള ‘റിസ്-റെസ്’ (Ris-Rez) എന്ന മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളും ഇപ്പോൾ അന്തിമഘട്ടത്തിലാണ്. കുട്ടികളിലെയും മുതിർന്നവരിലെയും കടുത്ത ഭക്ഷ്യ അലർജികൾക്ക് പ്രതിവിധി കണ്ടെത്തുന്നതിനായി കാലിഫോർണിയൻ ബയോടെക് കമ്പനിയായ ‘റാപ്റ്റിനെ’ (RAPT) കഴിഞ്ഞ ജനുവരിയിൽ ജിഎസ്‌കെ സ്വന്തമാക്കിയിരുന്നു.