Sathyian Nedumancherriyil

Subject : കാസിനോകളുടെ രഹസ്യ വിവരങ്ങൾ ചോർന്നു; കുറാസോ ഗെയിമിംഗ് അതോറിറ്റി ഡാറ്റ ചോർച്ചയിൽ ഞെട്ടലിൽ!

കാസിനോകളുടെ രഹസ്യ വിവരങ്ങൾ ചോർന്നു; കുറാസോ ഗെയിമിംഗ് അതോറിറ്റി ഡാറ്റ ചോർച്ചയിൽ ഞെട്ടലിൽ!

കുറാസോ: ലോകത്തെ പ്രമുഖ ഓൺലൈൻ കാസിനോകളുടെ രഹസ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന വലിയ തോതിലുള്ള ഡാറ്റ ചോർച്ച പുറത്തുവന്നു. കരീബിയൻ ദ്വീപായ കുറാസോയിലെ ഗെയിമിംഗ് അതോറിറ്റിയുടെ (CGA) ഡാറ്റാബേസിലാണ് ജർമ്മൻ സൈബർ സുരക്ഷാ ഗവേഷകയായ ലിലിത്ത് വിറ്റ്മാൻ നടത്തിയ അനധികൃത പ്രവേശനത്തിലൂടെ ആയിരക്കണക്കിന് രഹസ്യ ഫയലുകൾ പുറത്തായത്. കുറാസോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓഫ്‌ഷോർ ചൂതാട്ട കമ്പനികളുടെയും ശൃംഖലകളുടെയും ഉള്ളറകളിലെ വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

വിവരം ചോർന്ന സ്ഥാപനങ്ങളിൽ ക്രിപ്‌റ്റോ കേന്ദ്രീകൃത കാസിനോയായ സ്റ്റേക്ക്.കോം (Stake.com), സാന്റേഡ നെറ്റ്‌വർക്ക്, ബിസി.ഗെയിം (BC.Game) തുടങ്ങിയ വമ്പൻമാരും ഉൾപ്പെടുന്നു. ഇതിൽ പല ഓൺലൈൻ കാസിനോകളും ബ്രിട്ടീഷ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണെന്നും, യുകെയിൽ ലൈസൻസില്ലാതെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിട്ടുണ്ടെന്നും അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് കുറാസോയുടെ ചൂതാട്ട ലൈസൻസിംഗ് സംവിധാനം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ലൈസൻസിനായി സമർപ്പിച്ച രേഖകളിൽ കമ്പനികളുടെ ഉടമസ്ഥരുടെ സാമ്പത്തിക ശ്രോതസ്സുകൾ, കോടികളുടെ കടബാധ്യതകൾ, ഉയർന്ന തുകയുടെ വായ്പാ ഇടപാടുകൾ എന്നിവ വ്യക്തമാക്കുന്ന വിവരങ്ങളുണ്ട്. കൂടാതെ, നിക്ഷേപകരുടെയും ഓഹരി ഉടമകളുടെയും വിവരങ്ങൾ മറച്ചുവെക്കാനും ചില കമ്പനികൾ ശ്രമിച്ചതായി രേഖകളിൽ പറയുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന ചില ഓഫ്‌ഷോർ ചൂതാട്ട സ്ഥാപനങ്ങൾക്ക് മേൽ നടപടി സ്വീകരിക്കുന്നതിൽ കുറാസോ ഗെയിമിംഗ് അതോറിറ്റി പരാജയപ്പെട്ടുവെന്ന ആരോപണവും ശക്തമാണ്.

സംഭവത്തെ തുടർന്ന് കുറാസോ ഗെയിമിംഗ് അതോറിറ്റി തങ്ങളുടെ പോർട്ടലിൽ അനധികൃത പ്രവേശനം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയം സങ്കീർണ്ണമായതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഈ ഡാറ്റാ ചോർച്ച ലോകമെമ്പാടുമുള്ള ഓൺലൈൻ ചൂതാട്ട വ്യവസായത്തിലും നിയമപരമായ നിയന്ത്രണങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.