കാനഡയിലെ സൈനിക താവളത്തിൽ വൻ തീപിടിത്തം; നിരവധി പേർ കൊല്ലപ്പെട്ടു, എഡ്മണ്ടൻ ആശുപത്രികളിൽ അടിയന്തരാവസ്ഥ.
ഒട്ടാവ: കാനഡയിലെ ആൽബർട്ടയിലുള്ള സൈനിക പരിശീലന താവളത്തിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി അറിയിച്ചു. പ്രദേശം കടുത്ത ആശങ്കയിലാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ അധികൃതർ ദുരന്തത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആൽബർട്ടയിലെ വെയ്ൻറൈറ്റ് (CFB Wainwright) സൈനിക താവളത്തിലാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. താവളത്തിൽ നടന്ന തത്സമയ വെടിവെപ്പ് (Live-fire) പരിശീലനത്തിനിടെ ഗ്യാസ് പൈപ്പ് ലൈനിലോ ഗ്യാസ് കിണറിലോ വെടിയേറ്റ് തകർന്നതാണ് വൻ തീപിടിത്തത്തിന് കാരണമായതെന്നാണ് കാനഡയിലെ ഗ്ലോബൽ ന്യൂസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റിൽ (മണിക്കൂറിൽ 100 കി.മീ വേഗത) തീ പടർന്നുപിടിച്ചതോടെ സൈനിക താവളത്തിന്റെ അതിരുകൾ ഭേദിച്ച് സമീപ പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു.
സംഭവത്തെ തുടർന്ന് എഡ്മണ്ടനിലെ റോയൽ അലക്സാണ്ട്ര ആശുപത്രിയിൽ വൻതോതിലുള്ള പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനായി ‘കോഡ് ഓറഞ്ച്’ (Code Orange) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്നും, പരിക്കേറ്റവരുടെ എണ്ണം കണക്കുകൂട്ടാവുന്നതിലും അപ്പുറമാണെന്നും അടിയന്തിരവിഭാഗം ഡോക്ടർമാർ വ്യക്തമാക്കി. പരിക്കേറ്റവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ സമീപ പ്രവിശ്യകളായ സസ്കാച്ചെവാനും ബ്രിട്ടീഷ് കൊളംബിയയും വൈദ്യസഹായങ്ങളും മറ്റ് വിഭവങ്ങളും നൽകിയിട്ടുണ്ട്.
രാജ്യത്തിന് ഏറെ ദുഃഖകരമായ ദിനമാണിതെന്നും ധീരരായ സൈനികർക്കൊപ്പമാണ് തങ്ങളുടെ പ്രാർത്ഥനയെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സമീപകാലത്തൊന്നും രാജ്യത്ത് ഇത്തരമൊരു ദുരന്തം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും വ്യക്തമാക്കി. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് പ്രദേശവാസികൾ സഹകരിക്കണമെന്നും അടിയന്തര വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.