ഓട്ടോഇമ്മ്യൂൺ രോഗനിർണ്ണയത്തിൽ ലിംഗവിവേചനം; സ്ത്രീകൾക്ക് തെറ്റായ രോഗനിർണ്ണയം നേരിടേണ്ടി വരുന്നത് കൂടുതലെന്ന് പഠനം!
ലണ്ടൻ: ഓട്ടോഇമ്മ്യൂൺ രോഗങ്ങളുള്ള സ്ത്രീകൾക്ക് തങ്ങളുടെ ലക്ഷണങ്ങൾ മാനസിക പ്രശ്നങ്ങളാണെന്ന് (psychological or psychosomatic) കേൾക്കാനുള്ള സാധ്യത പുരുഷന്മാരെക്കാൾ 74 ശതമാനം കൂടുതലാണെന്ന് പഠനം. ക്യാംബ്രിഡ്ജ് സർവ്വകലാശാലയിലെയും ഈസ്റ്റ് ആംഗ്ലിയ സർവ്വകലാശാലയിലെയും ഗവേഷകരാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ. രോഗനിർണ്ണയത്തിലും ചികിത്സയിലും സ്ത്രീകൾ ഗുരുതരമായ കാലതാമസവും വിവേചനവും നേരിടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ക്ഷീണം, സന്ധിവാതം, ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ഡോക്ടർമാർ ഇത്തരം രോഗലക്ഷണങ്ങളെ സമീപിക്കുന്ന രീതിയിൽ വലിയ ലിംഗവ്യത്യാസമുണ്ടെന്നാണ് ‘ലാൻസെറ്റ് ഇക്ലിനിക്കൽ മെഡിസിൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളുടെ രോഗലക്ഷണങ്ങളെ മാനസിക സമ്മർദ്ദത്തിന്റെയോ ഉത്കണ്ഠയുടെയോ ഭാഗമായി തെറ്റായി വിലയിരുത്താനുള്ള പ്രവണത ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
പഠനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം സ്ത്രീകളും ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗം അല്ലെങ്കിൽ ലുപ്പസ് (lupus) ബാധിച്ചവരായിരുന്നു. സ്ത്രീകളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി കൃത്യമായ രോഗനിർണ്ണയത്തിൽ എത്താൻ ഒന്നു മുതൽ രണ്ട് വർഷം വരെ സമയമെടുക്കുമ്പോൾ, പുരുഷന്മാരിൽ ഇത് മൂന്ന് മാസത്തിൽ താഴെ മാത്രമാണ്. ചരിത്രപരമായി വൈദ്യശാസ്ത്രത്തിലുണ്ടായ മുൻവിധികളും സ്ത്രീകളെ വൈകാരികമായി മാത്രം വിലയിരുത്തുന്ന പ്രവണതയുമാണ് ഇത്തരം തെറ്റായ രോഗനിർണ്ണയങ്ങൾക്ക് കാരണമെന്ന് മുഖ്യ ഗവേഷകയായ മെലാനി സ്ലോൺ വ്യക്തമാക്കി.
ഡോക്ടർമാർ രോഗികളുടെ ലക്ഷണങ്ങളെ അവിശ്വസിക്കുന്നതും, കൃത്യമായ പരിശോധനകൾ നടത്താതെ മാനസിക പ്രശ്നങ്ങളാണെന്ന് വിധിയെഴുതുന്നതും രോഗികളിൽ വലിയ മാനസികാഘാതമുണ്ടാക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണുമ്പോൾ അവ മാനസികമാണെന്ന് പെട്ടെന്ന് ഉറപ്പിക്കാതെ, ഡോക്ടർമാർ രോഗികളെ പൂർണ്ണമായും വിശ്വസിക്കുകയും കൃത്യമായ പരിശോധനകൾ ഉറപ്പാക്കുകയും വേണമെന്നാണ് ഈ രംഗത്തെ വിദഗ്ധരും രോഗികളും ആവശ്യപ്പെടുന്നത്.