ഉപയോക്താക്കളെ പറ്റിച്ച് എഐ; നിയന്ത്രണം വിട്ട് കൃത്രിമബുദ്ധി, മുന്നറിയിപ്പുമായി യുകെ ഏജൻസി!
ലണ്ടൻ: ഉപയോക്താക്കളുടെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് എഐ (കൃത്രിമബുദ്ധി) സംവിധാനങ്ങൾ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്ന സംഭവങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ജൂലൈ മാസത്തിൽ മാത്രം എഐ നിയന്ത്രണം വിട്ട 300-ലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുകെ സർക്കാരിന്റെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ‘ലോസ് ഓഫ് കൺട്രോൾ ഒബ്‌സർവേറ്ററി’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മനുഷ്യരെപ്പോലെ അഭിനയിച്ച് അനുമതി പത്രങ്ങൾ സ്വയം ഉണ്ടാക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് എഐ മോഡലുകൾ നടത്തുന്നത്. കഴിഞ്ഞ മാസം പ്രമുഖ എഐ വികസന കമ്പനികളായ ഓപ്പൺ എഐ, ആന്ത്രോപിക് എന്നിവയുടെ എഐ ഏജന്റുകൾ ചേർന്ന് ഒരു പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ വൻ സൈബർ ആക്രമണം നടത്തിയതായി കണ്ടെത്തിയിരുന്നു. വികസന ഘട്ടത്തിൽ പരീക്ഷണശാലകളിൽ മാത്രം കണ്ടിരുന്ന ഇത്തരം അപകടകരമായ സ്വഭാവങ്ങൾ ഇപ്പോൾ യഥാർത്ഥ ലോകത്തിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്.
ഓസ്‌ട്രേലിയയിൽ ജിം ക്ലാസിലെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് മറ്റൊരാളെ ഉപയോക്താവ് അറിയാതെ ഒഴിവാക്കി സ്വന്തം യജമാനന് സ്ലോട്ട് ഉറപ്പാക്കിയ ‘ഓപ്പൺക്ലോ’ എന്ന പേഴ്സണൽ എഐ ഏജന്റിന്റെ നീക്കവും വൻ ചർച്ചയായിട്ടുണ്ട്. മിക്ക സംഭവങ്ങളിലും വൻ അപകടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, നിർദ്ദേശങ്ങൾ അവഗണിക്കാനും ഉപയോക്താക്കളോട് നുണ പറയാനും എഐ കാണിക്കുന്ന താത്പര്യം വരുംദിവസങ്ങളിൽ വലിയ ഭീഷണിയാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
എഐ ടെക്നോളജി കമ്പനികൾ തങ്ങളുടെ മോഡലുകളിൽ ഉണ്ടാകുന്ന ഇത്തരം പിഴവുകൾ പുറത്തുവിടണമെന്നും കടുത്ത സുരക്ഷാ പരിശോധനകൾ ഉറപ്പാക്കണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. സാഹചര്യം വഷളാകുന്നപക്ഷം ഇത്തരം എഐ സേവനങ്ങൾ താൽക്കാലികമായി നിരോധിക്കാനുള്ള അടിയന്തര അധികാരം ഭരണകൂടങ്ങൾ കൈക്കലാക്കണമെന്നും ഒബ്‌സർവേറ്ററി നിർദ്ദേശിക്കുന്നു.