ഇമ്രാൻ ഖാന്റെ മോചനത്തിനായി പ്രതിഷേധ മാർച്ച്: ഇസ്ലാമാബാദിനെ ഉപരോധിച്ച് പാകിസ്ഥാൻ സർക്കാർ.
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ മാർച്ച് തടയാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ കടുത്ത സുരക്ഷാ ഉപരോധം. റോഡുകളിൽ ആയിരത്തിലധികം ഷിപ്പിംഗ് കണ്ടെയ്നറുകൾ നിരത്തിയും പ്രധാന ഹൈവേകൾ അടച്ചുമാണ് ഭരണകൂടം തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. 22,000-ഓളം പൊലീസുകാരെയും സുരക്ഷാ സേനയെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
2023 മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനോട് കാണിക്കുന്ന ക്രൂരമായ പെരുമാറ്റത്തിലും ആരോഗ്യസ്ഥിതിയിലുമുള്ള ആശങ്കയെത്തുടർന്നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതിനെത്തുടർന്ന് പി.ടി.ഐ നേതാക്കൾക്കും മന്ത്രിമാർക്കും എതിരെ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കുകയും ഇമ്രാന്റെ മൂന്ന് സഹോദരിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും അറസ്റ്റ് ഭീഷണി നേരിടുന്നുണ്ട്.
പെഷവാറിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള പ്രധാന പാത സുരക്ഷാ സേന പൂർണ്ണമായും അടച്ചു. ജനകീയ ശക്തിയെ അടിച്ചമർത്താൻ ഭരണകൂടത്തിന് കഴിയില്ലെന്നും, ന്യായമായ വിചാരണയും ഖാന്റെ മോചനവും ഉറപ്പാക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും അഫ്രീദി വ്യക്തമാക്കി. അതേസമയം, അക്രമസ്വഭാവമുള്ള പ്രതിഷേധങ്ങളെ അനുവദിക്കില്ലെന്നാണ് ഗവർണർ ഫൈസൽ കരീം കുന്ദിയുടെ നിലപാട്.
നഗരം ഉപരോധത്തിലായതോടെ കടുത്ത ജനജീവിത ദുരിതമാണ് ഇസ്ലാമാബാദിൽ അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന പാകിസ്ഥാനിൽ, ഈ ജനകീയ പ്രക്ഷോഭം മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേതുപോലെ സർക്കാരിനെ വീഴ്ത്തുന്ന വലിയ മുന്നേറ്റമായി മാറുമോയെന്ന ഭയത്തിലാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാരും സൈന്യവും.