ഇംഗ്ലണ്ടിൽ സ്ഥാനാർത്ഥികൾക്കെതിരായ അധിക്ഷേപവും ഭീഷണിയും ശക്തമാകുന്നു: ഇലക്ടറൽ കമ്മീഷൻ.
ലണ്ടൻ: ഇംഗ്ലണ്ടിൽ തദ്ദേശ, മേയർ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സ്ഥാനാർത്ഥികൾ നേരിടുന്ന ഭീഷണിയും അധിക്ഷേപങ്ങളും ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി ഇലക്ടറൽ കമ്മീഷന്റെ പുതിയ റിപ്പോർട്ട്. അധിക്ഷേപം ഭയന്ന് പല സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചാരണ ശൈലി തന്നെ മാറ്റാൻ നിർബന്ധിതരാകുന്നതായും രാഷ്ട്രീയ പ്രവർത്തനം തന്നെ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വനിതകൾ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ, ഭിന്നശേഷിക്കാർ എന്നിവരാണ് കൂടുതൽ അതിക്രമങ്ങൾക്ക് ഇരയാകുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച പകുതിയിലധികം ലേബർ, റീഫോം യുകെ പാർട്ടി സ്ഥാനാർത്ഥികളും വ്യക്തിപരമായ അധിക്ഷേപങ്ങളോ ഭീഷണികളോ നേരിട്ടതായി വ്യക്തമാക്കി. വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് പുറമെ തുപ്പൽ, ശാരീരിക ആക്രമണം എന്നിവയും നേരിടേണ്ടി വന്നതായി സ്ഥാനാർത്ഥികൾ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിലൂടെയുള്ള കുപ്രചാരണങ്ങളും വെറുപ്പ് പ്രചരിപ്പിക്കുന്ന പോസ്റ്റുകളുമാണ് ഭൂരിഭാഗം അതിക്രമങ്ങൾക്കും വഴിവെക്കുന്നത്. വിഷയം രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയ കമ്പനികളും ഗൗരവമായി കാണണമെന്നും പ്രചാരണ രംഗത്തുള്ളവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇലക്ടറൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് വിജയ് രംഗരാജൻ ആവശ്യപ്പെട്ടു.