ഇംഗ്ലണ്ടിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു; ഉപരോധവുമായി തീവ്രവലതുപക്ഷ സംഘടനകൾ തെരുവിൽ.
ലണ്ടൻ: ഇംഗ്ലണ്ടിലെ അതിർത്തി തുറമുഖ നഗരമായ ഡോവറിലും പോർട്സ്മത്തിലും പ്രകോപനപരമായ പ്രതിഷേധവുമായി തീവ്രവലതുപക്ഷ കുടിയേറ്റ വിരുദ്ധ സംഘടനകൾ തെരുവിലിറങ്ങി. മുഖംമൂടിയും കറുത്ത വസ്ത്രങ്ങളും ധരിച്ചെത്തിയ നൂറുകണക്കിന് പ്രവർത്തകർ നഗരത്തിലേക്കുള്ള പ്രധാന പാതകൾ ഉപരോധിച്ചു. കടലിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു കൂട്ടം അഭയാർത്ഥികളെ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് മാറ്റിയ വിവരമറിഞ്ഞാണ് പട്രിയറ്റ് പ്ലാറ്റ്ഫോം (Patriot Platform) എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തിയത്.
യുകെയിലെ വിവിധ പ്രാദേശിക കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകളെ കോർത്തിണക്കി രൂപീകരിച്ച സംഘടനയാണ് ‘പട്രിയറ്റ് പ്ലാറ്റ്ഫോം’. തീവ്രവലതുപക്ഷ വംശീയവാദിയും പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുള്ള ഡാനിയൽ തോമസ് എന്ന ‘ഡാനി ടോമ്മോ’ ആണ് ഈ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ക്രിസ്ത്യൻ മൂല്യങ്ങളും ബ്രിട്ടീഷ് കുടുംബങ്ങളുടെ സുരക്ഷയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളാണ് ഇതിൽ അണിനിരന്നിരിക്കുന്നതെന്ന് ഹോപ്പ് നോട്ട് ഹേറ്റ് (HNH) എന്ന പ്രചാരണ സംഘടന ചൂണ്ടിക്കാണിക്കുന്നു.
ശനിയാഴ്ച രാവിലെ ഡോവറിലെ പ്രധാന പാതയായ A20 ഉപരോധിച്ച പ്രതിഷേധക്കാർ “ബോട്ട് വരവ് അവസാനിപ്പിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും, അഭയാർത്ഥി പ്രോസസിംഗ് കേന്ദ്രത്തിന് മുന്നിൽ പ്രകോപനപരമായ വാചകങ്ങൾ എഴുതിവെക്കുകയും ചെയ്തു. മണിക്കൂറുകളോളം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് ഇത് മൂലം അനുഭവപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ പരസ്യമായി തയാറെടുപ്പുകൾ നടത്തിയിട്ടും സംഭവം തടയുന്നതിൽ കലോചിതമായി ഇടപെടാൻ കെന്റ് പോലീസിന് സാധിച്ചില്ലെന്ന് പ്രാദേശിക ജനപ്രതിനിധികളും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഡാനിയൽ തോമസും സംഘവും നൽകുന്നത്. കൂടുതൽ പോലീസിനെ വിന്യസിച്ച് ഇത്തരം വർഗീയ-വംശീയ നീക്കങ്ങളെ കർശനമായി അടിച്ചമർത്തിയില്ലെങ്കിൽ രാജ്യത്തെ ക്രമസമാധാന നില തകരുമെന്ന ആശങ്കയിലാണ് ഭരണകൂടവും മനുഷ്യാവകാശ പ്രവർത്തകരും.