Sathyian Nedumancherriyil

Subject : ഇംഗ്ലണ്ടിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള പകുതി ആളുകളുടെയും രോഗാവസ്ഥ നിയന്ത്രണവിധേയമല്ലെന്ന് പഠനം!

ഇംഗ്ലണ്ടിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള പകുതി ആളുകളുടെയും രോഗാവസ്ഥ നിയന്ത്രണവിധേയമല്ലെന്ന് പഠനം!

ലണ്ടൻ: ഇംഗ്ലണ്ടിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള (Hypertension) പകുതി ആളുകളുടെയും രോഗാവസ്ഥ നിയന്ത്രണവിധേയമല്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഓക്സ്ഫോർഡ് സർവകലാശാല നടത്തിയ ഏറ്റവും വലിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. രക്തസമ്മർദ്ദമുള്ളവരിൽ ഭൂരിഭാഗം പേർക്കും (59%) തങ്ങൾക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് പോലും അറിയാമെന്നില്ലെന്നും ഇത് പക്ഷാഘാതം, ഹൃദയാഘാതം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കുടുംബ ഡോക്ടർമാർ വഴി മരുന്ന് കഴിക്കുന്നവരിൽ പോലും 50 ശതമാനം പേരുടെയും രക്തസമ്മർദ്ദം നിയന്ത്രണത്തിലല്ലെന്നാണ് 1.4 ദശലക്ഷം മുതിർന്നവരെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണം വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യമേഖലയിലുണ്ടായ തടസ്സങ്ങളും മറ്റ് സാമൂഹിക സാഹചര്യങ്ങളും ഇതിന് കാരണമായിട്ടുണ്ടെന്ന് ഗവേഷകർ വിലയിരുത്തുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രക്തസമ്മർദ്ദം കൂടുതലായി കാണപ്പെടുന്നതെന്നും പഠനം പറയുന്നു.

കൃത്യമായ പരിശോധനകളുടെയും മരുന്നുകളുടെയും അഭാവവും ജീവിതശൈലിയിലെ പ്രശ്നങ്ങളും രോഗാവസ്ഥ കൂടുതൽ വഷളാക്കുന്നുണ്ട്. ഉപ്പ് ഉപയോ​ഗം, ശരീരഭാരം, ആഹാരക്രമം, വ്യായാമക്കുറവ് എന്നിവയെല്ലാം രക്തസമ്മർദ്ദത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും നിലവിലുള്ള പ്രതിരോധ-ചികിത്സാ രീതികൾ പര്യാപ്തമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

രക്തസമ്മർദ്ദം മുൻകൂട്ടി കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനുമുള്ള സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ അധികൃതരും വ്യക്തമാക്കുന്നു. മികച്ച പരിശോധനകളിലൂടെയും കൃത്യമായ ചികിത്സയിലൂടെയും ലക്ഷക്കണക്കിന് ആളുകളിൽ ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.