ഇംഗ്ലണ്ടിലെ ചൈൽഡ് സോഷ്യൽ കെയർ രംഗത്ത് വൻ പ്രതിസന്ധി: കുട്ടികളെ താമസിപ്പിക്കുന്നത് കാരവനുകളിലും എയർബിഎൻബികളിലും.
ലണ്ടൻ : ഇംഗ്ലണ്ടിലെ ചൈൽഡ് സോഷ്യൽ കെയർ സംവിധാനം കടുത്ത പ്രതിസന്ധിയിലാണെന്നും സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ സാഹചര്യങ്ങളിൽ കുട്ടികളെ പാർപ്പിക്കുന്നത് ഒരു “ദേശീയ അപമാനമാണെന്നും” റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിയന്ത്രണങ്ങളില്ലാത്ത ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ എണ്ണത്തിൽ 370 ശതമാനത്തിലധികം വർധനവുണ്ടായതായി ചിൽഡ്രൻസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
അങ്ങേയറ്റം ദുർബലരായ കുട്ടികളെ കാരവനുകളിലും, എയർബിഎൻബികളിലും (Airbnbs), അവധിക്കാല ക്യാമ്പുകളിലും താൽക്കാലികമായി പാർപ്പിക്കുന്നത് അവർക്ക് കൂടുതൽ മാനസികവും ശാരീരികവുമായ ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.പബ്ലിക് ഫസ്റ്റ് എന്ന സ്ഥാപനം നടത്തിയ വിശകലനമനുസരിച്ച്, ഇംഗ്ലണ്ടിലെ രജിസ്റ്റർ ചെയ്യാത്ത കെയർ ഹോമുകളുടെ എണ്ണം 2020-21 കാലയളവിലെ 144-ൽ നിന്ന് 2024-25 ആയപ്പോഴേക്കും 680 ആയി ഉയർന്നു.
2000-ലെ കെയർ സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം എല്ലാ ചിൽഡ്രൻസ് ഹോമുകളും ഓഫ്സ്റ്റെഡിൽ (Ofsted) നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. എന്നാൽ, ആവശ്യത്തിന് ബെഡുകളോ ഫ്ലോസ്റ്ററിംഗ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു. ഓരോ കുട്ടിക്കും പ്രതിവാരം 20,000 മുതൽ 40,000 പൗണ്ട് വരെയാണ് പല സ്വകാര്യ സ്ഥാപനങ്ങളും ഫീസായി ഈടാക്കുന്നത്. അഞ്ചു വയസ്സുള്ള കുട്ടികളെ വരെ ഇത്തരത്തിൽ നിയമവിരുദ്ധ കേന്ദ്രങ്ങളിൽ താമസിപ്പിക്കേണ്ടി വന്നതായി സോഷ്യൽ വർക്കർമാർ വെളിപ്പെടുത്തുന്നു.
ഈ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഡേം റേച്ചൽ ഡി സൂസ പറഞ്ഞു. ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാൻ 300 മൈൽ അകലെ മാറ്റി താമസിപ്പിച്ച 15 വയസ്സുകാരി രജിസ്റ്റർ ചെയ്യാത്ത ഹോമിൽ വെച്ച് പീഡനത്തിനിരയായ സംഭവം ഈ സംവിധാനത്തിന്റെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചിൽഡ്രൻസ് മിനിസ്റ്റർ ജോഷ് മക്അലിസ്റ്റർ അറിയിച്ചു.
പുതിയ നിയമങ്ങളിലൂടെ പിഴ ഈടാക്കാനും ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഓഫ്സ്റ്റെഡിന് കൂടുതൽ അധികാരം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 10,000 പുതിയ ഫോസ്റ്റർ കെയർ പ്ലേസുകൾ സൃഷ്ടിക്കുന്നതിനായി 88 മില്യൺ പൗണ്ടിന്റെ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.